വാക്‌സിൻ ക്ഷാമം പരിഹരിക്കണം

Saturday 13 July 2024 12:55 AM IST

മഴക്കാലമായതോടെ കേരളം പലതരത്തിലുള്ള പകർച്ചവ്യാധികളുടെ പിടിയിലാണ്. കൂട്ടത്തിൽ പതിവില്ലാത്ത വിധം പലേടത്തും ഹെപ്പറ്റൈറ്റിസ് രോഗവും വലിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്. വടക്കൻ ജില്ലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. മലിനമായ ജലസ്രോതസുകളിൽ നിന്നുള്ള വെള്ളം മഞ്ഞപ്പിത്തം പടരാൻ പ്രധാന കാരണമാണ്. രോഗം പിടിപെട്ടാൽ ഏറെ ദിവസങ്ങളിലെ ചികിത്സയും പഥ്യവുമൊക്കെ വേണ്ടിവരുന്ന രോഗമാണിത്. ശരിയായ ചികിത്സ ലഭിക്കുന്നില്ലെങ്കിൽ രോഗി മരണപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗം ഹെപ്പറ്റൈറ്റിസ് വാക്‌സിൻ എടുക്കുക എന്നതാണ്. എന്നാൽ ആരോഗ്യരംഗത്ത് നിരവധി പൊൻതൂവലുകളുമായി നിലകൊള്ളുന്ന സംസ്ഥാനത്ത് ഇപ്പോൾ ഹെപ്പറ്റൈറ്റിസ് വാക്‌സിൻ കിട്ടാനില്ലാത്ത സ്ഥിതിയാണ്,​ പല ജില്ലകളിലും.

സ്വകാര്യ ആശുപത്രികളാണ് വാക്‌സിൻ ക്ഷാമം മൂലം വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സ്ഥിതി താരതമ്യേന ഭേദമാണെന്നു പറയാം. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വാക്‌സിൻ ഉത്‌പാദനം കുറച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള കൃത്രിമക്ഷാമം ഔഷധ ഉത്‌പാദകരുടെ സ്ഥിരം നമ്പരുകളിലൊന്നാണ്. കൊള്ളലാഭം കൊയ്യുന്നതിൽ മാത്രം താത്‌പര്യമുള്ള കമ്പനികൾക്ക് പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയിൽ അത്ര വലിയ താത്‌പര്യമൊന്നുമില്ല. പരമാവധി ചൂഷണവും അതിലൂടെ ഉണ്ടാകുന്ന വമ്പൻ ലാഭവും മാത്രമാണ് അവരുടെ ലക്ഷ്യം. ആവശ്യമേറുമ്പോൾ വാക്‌സിൻ ലഭിക്കാതിരുന്നാൽ ഉള്ള സ്റ്റോക്ക് വിലകൂട്ടി വിൽക്കാൻ കഴിയും. അതിലൂടെ കമ്പനികൾക്കും വില്പനക്കാർക്കും അധിക ലാഭമാണ് ലഭിക്കുക. സംസ്ഥാനത്ത് ഇപ്പോൾ ഹെപ്പറ്റൈറ്റിസ് ബി വ്യാപകമായപ്പോഴാണ് വാക്‌സിൻ തേടി ആളുകൾ പരക്കംപായാൻ തുടങ്ങിയത്.

ഇടക്കാലത്ത് രോഗം നിയന്ത്രണവിധേയമായിരുന്നു. വാക്‌സിന് അപ്പോൾ ആവശ്യക്കാരും കുറവായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുകയാണ്. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി പേർ മരണമടഞ്ഞതായും റിപ്പോർട്ടുണ്ട്. നവജാത ശിശുക്കൾക്ക് വാക്‌സിൻ നിർബന്ധമാണ്. അതിന് മുടക്കം വന്നിട്ടില്ലെന്ന വാർത്ത ആശ്വാസകരമാണ്. എന്നാൽ വാക്‌സിൻ ആവശ്യമായി വരുന്ന മുതിർന്നവർ വാക്‌സിൻ ക്ഷാമം കാരണം ബുദ്ധിമുട്ടുന്നുണ്ട്. വിദേശത്തു പോകുന്നവരും മറ്റും നിർബന്ധമായി വാക്‌സിൻ എടുക്കേണ്ടവരാണ്. ആശുപത്രികളിൽ വാക്‌സിൻ ലഭിക്കാതായതോടെ പുറത്തുനിന്ന് അമിത വിലയ്ക്ക് വാക്‌സിൻ വാങ്ങാൻ അവർ നിർബന്ധിതരാവുന്നു. സ്ഥിതി മുതലെടുക്കാൻ ഔഷധ വില്പനശാലകളും ശ്രമിക്കുന്നു. വാക്‌സിൻ ക്ഷാമത്തെക്കുറിച്ച് പരാതി ഉയർന്നിട്ടും ആരോഗ്യവകുപ്പ് പ്രശ്നത്തിൽ ഇടപെട്ടു കാണുന്നില്ല. വില നിയന്ത്രണമുള്ള ഔഷധങ്ങളുടെ ഉത്‌പാദനത്തിൽ കമ്പനികൾ പലപ്പോഴും കൃത്രിമ ക്ഷാമമുണ്ടാക്കുന്നത് പതിവാണ്.

മാരകരോഗങ്ങൾക്കുള്ള ഔഷധങ്ങളുടെ വില വാനോളം ഉയർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉദാഹരണം ക്യാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ. സർക്കാരിന്റെ കാലാകാലങ്ങളിലെ ഇടപെടലുകളെത്തുടർന്ന് ഇന്ന് പലതിന്റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാലും ഇടയ്ക്കിടയ്ക്ക്

ഒട്ടുമിക്ക മരുന്നുകളുടെ വില കൂട്ടാറുമുണ്ട്. സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടിയതോടെ ആന്റി റാബീസ് വാക്‌സിന് വ്യാപകമായ ആവശ്യമുണ്ടായി. അവസരം മുതലെടുത്ത്,​ കൂടിയ വിലയ്ക്കുള്ള വാക്‌സിൻ വിപണിയിൽ പ്രത്യക്ഷപ്പെട്ടു. സർക്കാർ ആശുപത്രികളിൽ പലപ്പോഴും വാക്‌സിൻ കിട്ടാതായതോടെ നായകടിയേൽക്കുന്നവർക്ക് കൂടിയ വിലയ്ക്കുള്ള വാക്‌സിൻ തന്നെ ആശ്രയം. അതുപോലെ ഹെപ്പറ്റൈറ്റിസ് വാക്‌സിനായും ജനം മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. പ്രശ്നത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടലാണ് വേണ്ടത്.

Advertisement
Advertisement