അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടന ഹത്യാദിനം , കോൺഗ്രസിനെ വെട്ടിലാക്കി കേന്ദ്രസർക്കാർ , വിജ്ഞാപനമിറങ്ങി

Friday 12 July 2024 6:58 PM IST

ന്യൂഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാദിനം ആയി പ്രഖ്യാപിച്ച് കേന്ദ്രസ‌ർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഭരണഘടന ഉയർത്തി കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം ഉയർത്തുന്നതിനിടെയാണ് മോദി സർക്കാരിന്റെ നടപടി. മനുഷ്യത്വ രഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.

ജൂൺ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടന ചവിട്ടി മെതിക്കപ്പെട്ടപ്പോൾ എന്തു സംഭവിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലായി മാറും. ഇന്ത്യയുടെ ചരിത്രത്തിന്റെ ഇരുണ്ട ഘട്ടമായ,​ കോൺഗ്രസ് അഴിച്ചുവിട്ട അടിയന്തരാവസ്ഥ മൂലം ദുരിതമനുഭവിക്കേണ്ടി വന്ന ഓരോ വ്യക്തിക്കും ആദരാജ്ഞലികൾ അർപ്പിക്കുന്ന ദിനം കൂടിയാണിതെന്ന് മോദി എക്സിൽ കുറിച്ചു.

അതേസമയം കേന്ദ്രനടപടിയെ എതിർത്ത് കോൺഗ്രസ് രംഗത്ത് വന്നു. നേരത്തെ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യവെ രാഷ്ട്രപതി ദ്രൗപദി മുർമു അടിയന്തരാവസ്ഥയെ അപലപിച്ചിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും അടിയന്തരാവസ്ഥയെ അപലപിച്ച് പ്രസ്താവന നടത്തിയിരുന്നു.

Advertisement
Advertisement