കേരളത്തിലെ ഇടതു പരാജയം പിന്നാക്ക ദ്രോഹത്തിനുള്ള തിരിച്ചടി

Saturday 13 July 2024 2:05 AM IST

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തോൽവി,​ ഇടതു സർക്കാരിന്റെ പിന്നാക്ക സമുദായ ദ്രോഹത്തിനേറ്റ വമ്പിച്ച തിരിച്ചടിയാണ്. ഇന്ത്യയിലെ എല്ലാ പിന്നാക്ക ദളിത്- ന്യൂനപക്ഷ സമൂഹത്തിന്റെയും ഏക ദേശീയ പ്രസ്ഥാനമായ ദേശീയ പിന്നാക്ക സമുദായ യൂണിയൻ (നാഷണൽ യൂണിയൻ ഒഫ് ബാക്ക്വേർഡ് ക്ളാസസ്, എസ്.സി.എസ്, എസ്.ടി.എസ് ആൻഡ് മൈനോറിറ്റീസ്- എൻ.യു.ബി.സി) എന്ന മഹാപ്രസ്ഥാനത്തിന്റെ,​ ‌ഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഈ വിലയിരുത്തൽ.

(ദേശീയ പിന്നാക്ക സമുദായ യൂണിയൻ ദേശീയ വർക്കിംഗ് പ്രസിഡന്റ് ആണ് ലേഖകൻ)​

കേരളത്തിലെ ഇടതു സർക്കാരും എൽ.ഡി.എഫും കേരളത്തിന്റെ ജനസംഖ്യയിൽ 75 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ സ്ഥിരം വോട്ടുകൾകൊണ്ടാണ് ഇക്കാലമത്രയും നിലനിന്നു വന്നിരുന്നത്. എത്ര ചവിട്ടേറ്റാലും അവർ എല്ലാക്കാലത്തും ക്യൂ നിന്ന് ഇടതുപക്ഷത്തിനു തന്നെ വോട്ട് ചെയ്തുകൊടുക്കുമെന്ന ഇടതു നേതാക്കളുടെയും സർക്കാരിന്റെയും മിഥ്യാധാരണയ്ക്കുള്ള കനത്ത പ്രഹരമായിരുന്നു, പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാരുടെ മാറിയുള്ള ചിന്തയും പ്രവൃത്തിയും. കഴിഞ്ഞ കുറേക്കാലമായി, കേവലം 25 ശതമാനം മാത്രം വരുന്ന സവർണ നായർ, ക്രിസ്ത്യൻ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ മാത്രം നടപ്പാക്കുന്ന ഒരു സവർണ സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് ഭൂരിപക്ഷക്കാരായ പിന്നാക്ക, ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബോദ്ധ്യപ്പെട്ടപ്പോഴാണ് അവർ മാറിച്ചിന്തിച്ച് ശക്തമായ തിരിച്ചടി നൽകിയത്.

1957-ൽ ഇ.എം.എസിന്റെ സാമ്പത്തിക സംവരണമെന്ന പിന്നാക്കദ്രോഹ പദ്ധതിയെ കേരളകൗമുദി പത്രാധിപർ കെ. സുകുമാരന്റെ ശക്തമായ ഇടപെടൽ മൂലം അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ചവറ്റുകുട്ടയിലെറിഞ്ഞെങ്കിൽ, നീണ്ട 67 വർഷങ്ങൾക്കു ശേഷം സി.പി.എം,​ പിന്നാക്കക്കാരനായ മുഖ്യമന്ത്രിയെക്കൊണ്ടു തന്നെ രാജ്യത്താദ്യമായി പിന്നാക്കക്കാർക്കെതിരെ എല്ലാം കൈയടക്കി വച്ചിരിക്കുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം കൂടി,​ 96.6 ശതമാനം ഉദ്യോഗങ്ങളും നായർ,​ നമ്പൂതിരി സമുദായങ്ങൾ കൈയടക്കിവച്ചിരിക്കുന്ന ദേവസ്വം ബോർഡിൽ നടപ്പാക്കി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ഈ പിന്നാക്കദ്രോഹ മാതൃക കാണിച്ചുകൊടുത്തതിന്റെ ഭീമമായ പ്രതിഷേധമാണ് കേരളത്തിലെ പിന്നാക്കക്കാർ തിരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കാൻ നിർബന്ധിതമായത്.

ഒറ്റ രാത്രികൊണ്ട് മോദിയുടെ സവർണ സർക്കാർ ഭരണഘടന തന്നെ മാറ്റിയെഴുതി,​ കേന്ദ്ര സർക്കാർ മേഖലയിൽ പൂർണമായും സാമ്പത്തിക സംവരണം നടപ്പിലാക്കിക്കൊണ്ട് പിണറായി മാതൃക പിന്തുടരുകയാണുണ്ടായത്. പിന്നാക്കക്കാർ മാറി വോട്ടുചെയ്യാൻ നിർബന്ധിതമായത് പിന്നാക്കകാരായ എം.എൽ.എ മാരുടെയും എം.പി മാരുടെയും എണ്ണം കഴിയുന്നത്ര കുറച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനായിരുന്നു എന്നതിനു കാരണം ജാതി സെൻസസ് നടപ്പിലാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ അവർ ധൈര്യം കാണിച്ചതിന്റെ പേരിലാണ് . ബി.ഡി.ജെ.എസിന്റെയും മറ്റും ഇടപെടൽ മൂലം കുറേപ്പേർ ബി.ജെ.പിക്ക് വോട്ടു ചെയ്യാനും നിർബന്ധിതരായി.

അതുകൊണ്ടാണ്,​ കേരളത്തിൽ ഈഴവ സമുദായത്തിന് ആകെയുള്ള മൂന്ന് മെഡിക്കൽ കോളേജുകളിൽ ഒന്നായ വർക്കല എസ്.ആർ. മെഡിക്കൽ കോളേജ് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രിയെക്കൊണ്ട് അടച്ചുപൂട്ടിച്ചതു താനാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് തികഞ്ഞ പിന്നാക്കവിരുദ്ധത തെളിയിച്ച സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതും വലിയ ഭൂരിപക്ഷം നേടിയതും. ഈ ചുവരെഴുത്ത് സി.പി.എമ്മും ഇടതുപക്ഷവും മനസിലാക്കി തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ തയ്യാറായില്ലെങ്കിൽ താമസിയാതെ കേരളത്തിൽ പശ്ചിമ ബംഗാൾ ആവർത്തിക്കുന്ന സ്ഥിതിയുണ്ടാകുമെന്നതിൽ സംശയം വേണ്ട.

എൽ.ഡി.എഫിന്റെ അടിത്തറ പിന്നാക്ക,​ ദളിത് വോട്ടുകളാണെന്ന സത്യം ഇനിയെങ്കിലും അവർ ഏറ്റുപറഞ്ഞേ മതിയാവൂ. പിണറായി സർക്കാരിന്റെ ധൂർത്തും ധാർഷ്ട്യവും എസ്.എഫ്.ഐ, സി.ഐ.ടി.യു സംഘടനകളിലെ ഒരു വിഭാഗത്തിന്റെ ഗുണ്ടായിസവും പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മറ്റു ചില കാരണങ്ങളാണ്. എന്നാൽ അതിലെല്ലാമുപരി,​ പിണറായി സർക്കാരിന്റെ വളരെക്കാലമായുള്ള പിന്നാക്ക ദ്രോഹമാണ് പ്രധാന കാരണമായി കേരളത്തിലെ പിന്നാക്ക,​ ദളിത് സമൂഹം കണ്ട് പ്രവർത്തിച്ചത്. ഈ സർക്കാർ എല്ലാ മേഖലകളിലും സവർണവത്കരണം വ്യാപകമാക്കിയിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരംഗവും പൊതുമേഖല, കോർപ്പറേഷൻ,​ ബോർഡുകളുമെല്ലാം സവർണവത്കരിച്ചിരിക്കുന്നു.

ചരിത്രത്തിലാദ്യമായി ഈഴവ സമുദായാംഗമില്ലാത്ത ദേവസ്വം ബോർഡ് രൂപീകരിച്ച ഒരേയൊരു സർക്കാരും ഇതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ജനസംഖ്യയിൽ ന്യൂനപക്ഷമായ സവർണ വർഗത്തിന്റെ കൈപ്പിടിയിലാണ്. ജാതി സെൻസസ് നടപ്പിലാക്കുമെന്നും സാമ്പത്തിക സംവരണം ഒരു കാരണവശാലും നടപ്പിലാക്കില്ലെന്നും പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭ പ്രമേയം പാസാക്കിയപ്പോൾ അതിന് അനുകൂലമായി ആവേശപൂർവം വോട്ടുചെയ്ത സി.പി.എമ്മും സി.പി.ഐയും കോൺഗ്രസും എന്തേ കേരളത്തിൽ ആ തീരുമാനത്തിന് എതിരു നിൽക്കുന്നുവെന്ന് അറിഞ്ഞാൽ കൊള്ളാം. ഇത് ഇരട്ടത്താപ്പല്ലേ?

കേരളത്തിൽ പിന്നാക്ക സംവരണം നടപ്പിലാക്കുന്നതിൽ ഭീമമായ തട്ടിപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത സവർണ ഉദ്യോഗസ്ഥർക്കെതിരെ ചെറുവിരലനക്കാൻ പോലും ഇടതു സർക്കാർ തയ്യാറാകാത്തതിലും പിന്നാക്ക ജനതയ്ക്ക് തീവ്രമായ പ്രതിഷേധമുണ്ട്. സംസ്ഥാനത്ത് രണ്ടുലക്ഷത്തിൽപ്പരം സർക്കാർ ഒഴിവുകൾ നികത്താതെ കിടക്കുന്നു. കേന്ദ്ര സർക്കാരിലെ 21 ലക്ഷം ഉദ്യോഗങ്ങൾ മോദി സർക്കാർ നികത്താതെയിട്ടിരിക്കുന്നു. ഒരു ദളിത് പ്രതിനിധി പോലുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സവർണ മന്ത്രിസഭയാണ് ഇപ്പോഴത്തെ മോദി സർക്കാർ. കേരളത്തിൽ നിന്ന് നായർക്കും ക്രിസ്ത്യാനിക്കും കേന്ദ്രമന്ത്രിസ്ഥാനം നൽകിയപ്പോൾ ഒരു പിന്നാക്കക്കാരനു പോലും മന്ത്രിസ്ഥാനം നൽകാൻ മോദിയും ബി.ജെ.പിയും തയ്യാറായില്ല. പിന്നാക്ക,​ ദളിത് സമൂഹം ഇതെല്ലാം മനസിലാക്കി,​ സംഘടിത വോട്ട് ബാങ്ക് സൃഷ്ടിച്ച് മുന്നേറാനും നാഷണൽ യൂണിയൻ ഒഫ് ബാക്ക്വേർഡ് ക്ളാസസ് (എൻ.യു.ബി.സി.) എന്ന ദേശീയ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്ന് പോരാടുവാനും സമയം അതിക്രമിച്ചിരിക്കുന്നു.

Advertisement
Advertisement