ദിവസങ്ങളുടെ വ്യത്യാസത്തില്‍ കൈയില്‍ വന്നത് 25 ലക്ഷത്തിന്റെ മുതല്‍, ഭാഗ്യം തേടിയെത്തിയത് കര്‍ഷകനെ

Friday 12 July 2024 7:20 PM IST

ഭോപ്പാല്‍: ദിവസങ്ങളുടെ വ്യത്യാസത്തില്‍ മണ്ണില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് വിപണിയില്‍ 25 ലക്ഷം രൂപ വിലവരുന്ന സാധനം. കര്‍ഷകന്‍, മണ്ണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ കൃഷിയില്‍ നിന്നാണ് ഭാഗ്യം കൈവന്നത് എന്ന് തെറ്റിദ്ധരിക്കേണ്ട മദ്ധ്യപ്രദേശിലെ പന്ന ജില്ലയിലെ ഗൗരേയ കാകരഹട്ടി സ്വദേശിയായ ദേശ്‌രാജിന് മണ്ണില്‍ നിന്ന് ലഭിച്ചത് നല്ല ഒന്നാന്തരം രണ്ട് വജ്രക്കല്ലുകളാണ്.

ആദ്യത്തേത് 1.35 കാരറ്റിന്റെ വജ്രമായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച രണ്ടാമത്തെ കല്ലിന് 6.65 കാരറ്റ് ആണ് മൂല്യം.

ആദ്യത്തേതിന് അഞ്ച് ലക്ഷത്തിനടുത്തും രണ്ടാമത്തേതിന് 20 ലക്ഷത്തിന് മുകളിലുമാണ് വിപണിയിലെ മൂല്യം എന്നറിയുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം കര്‍ഷകനെ അനുഗ്രഹിച്ചതിന്റെ അളവ് മനസ്സിലാകുക. മദ്ധ്യപ്രദേശിലെ പന്ന ജില്ല വജ്രഖനികള്‍ക്ക് പ്രശസ്തമാണ്. ഇവിടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതാപ് സിംഗ് യാദവ് എന്ന മറ്റൊരു കര്‍ഷകന് പാറ്റി മേഖലയില്‍ നിന്ന് 11.88 കാരറ്റ് മൂല്യമുള്ള വജ്രക്കല്ല് ലഭിച്ചിരുന്നു. അന്ന് വിപണിയില്‍ 50 ലക്ഷം ആയിരുന്നു പ്രതാപിന് ലഭിച്ച കല്ലിന്റെ വില. ഖനിയില്‍ നിന്ന് ലഭിച്ച വജ്രക്കല്ല് അന്ന് പ്രതാപ് സിംഗ് ഡയമണ്ട് ഓഫീസില്‍ നിക്ഷേപിച്ചിരുന്നു.

വജ്രവില്‍പനയ്ക്ക് ശേഷം ലഭിക്കുന്ന പണത്തില്‍ സര്‍ക്കാരിന്റെ റോയല്‍റ്റിയും കരവും പിടിച്ചശേഷമുള്ള തുകയാണ് വജ്യം ലഭിച്ചയാള്‍ക്ക് നല്‍കുക. പന്ന പട്ടണമുള്‍പ്പെടെ 80 കിലോമീറ്റളോളം വീതിയുള്ള ഒരു പ്രദേശത്താണ് വജ്രനിക്ഷേപങ്ങളുള്ളത്. പണ്ട് മേഖലയിലെ സുകാരിയുഹ് ഗ്രാമത്തിലായിരുന്നു പന്നയിലെ പ്രധാന ഖനി. ഇന്ന് ഈ സ്ഥാനം മജാഗാവ് എന്ന ഖനിക്കാണ്. ഏഷ്യയിലെ ഏറ്റവും സജീവമായ വജ്രഖനി കൂടിയാണു മജാഗാവ്.

Advertisement
Advertisement