വീണ്ടും കോളറ ആശങ്കയിൽ കേരളം

Saturday 13 July 2024 2:11 AM IST

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളറബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല. തിരുവനന്തപുരത്ത് ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവ് മരിച്ചത് കോളറ മൂലമാണെന്ന് തെളിഞ്ഞതോടെ രോഗവ്യാപനം തടയാൻ അടിയന്തര മുൻകരുതലെടുക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തതും വെല്ലുവിളിയാവുകയാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണം സംഭവിച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കോളറ വീണ്ടും ആശങ്കയുളവാക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് 10 പേർക്കാണ്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ഇപ്പോൾ പ്രധാനമായും കണ്ടുവരുന്നത് എൽടോർ വിഭാഗത്തിൽപെട്ട കോളറയാണ്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗം പിടിപെടും. മലിന ജലം, ഭക്ഷണം എന്നിവയിൽ നിന്ന് മനുഷ്യശരീരത്തിലെത്തുന്ന രോഗത്തിന് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. എന്നാൽ സ്വയം ശ്രദ്ധിക്കുന്നതിലൂടെ കോളറയെ പ്രതിരോധിക്കാൻ സാധിക്കും.

കേരളത്തിൽ നിന്നും കോളറ പൂർണമായും ഇല്ലാതായി എന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉയർന്നിരുന്നെങ്കിലും 2009ൽ രോഗം ചിലയിടങ്ങളിൽ കണ്ടുതുടങ്ങി. 2016ൽ പാലക്കാട് ജില്ലയിലെ പട്ടഞ്ചേരിയിൽ മാത്രം 80 പേർക്കും 2013ൽ വയനാട്ടിലെ മുട്ടിൽ പഞ്ചായത്തിലെ 30 പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം വലിയ തോതിലുള്ള കോളറബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. കോളറയെ പൊതുജനാരോഗ്യത്തിന്റെ പിതാവ് എന്നാണ് പൊതുവെ പറയാറ്. നല്ല വെള്ളം കുടിയ്ക്കുക, ശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, കുടിവെള്ള സ്രോതസ്സുകളിൽ വിസർജ്യം കലരാതെ സൂക്ഷിക്കുക തുടങ്ങിയ പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ സൃഷ്ടിച്ചത് തന്നെ വ്യാപകമായ കോളറ ബാധയെ തടയുന്നതിനായാണ്. കോളറയ്ക്കൊപ്പം തന്നെ സംസ്ഥാനത്ത് വെെറൽപനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്.

പടരുന്ന വഴി

വിബ്രിയോ കോളറ ബാക്ടീരിയ മൺസൂൺ കാലത്ത് പെരുകുകയും മനുഷ്യവിസർജ്യങ്ങളിലൂടെ അഴുക്കുചാലുകളിലും കുടിവെള്ളത്തിലും കൃഷിയിടങ്ങളിലും എത്തിച്ചേരുകയും ചെയ്യും. കുടിവെള്ളം മലിനമാകുന്നത് കോളറ പിടിപെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. സെപ്റ്റിക് ടാങ്കുകൾ വഴി ഭൂർഗഭ ജലസ്രോതസുകളും മലിനമാകാനുള്ള സാദ്ധ്യതയുമേറെയാണ്. കക്കൂസ് മാലിന്യങ്ങൾ പുഴകളിലും ഓടകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കും. മലിനജല കനാലുകളിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകളുടെ ചോർച്ചയിലൂടെയും കോളറ ബാക്ടീരിയ കുടിവെള്ളത്തിൽ കലരാം. തീരദേശ ജലാശയങ്ങളിലാണ് കോളറ രോഗാണുക്കൾ സാധാരണയായി കണ്ടുവരുന്നത്. ചെമ്മീനിൽ വിബ്രിയോ കോളറയുടെ സാന്നിദ്ധ്യമുണ്ടാകാം. കൃത്യമായി വേവിക്കാതെയും ശരിയായി കഴുകാതെയും സമുദ്ര വിഭവങ്ങൾ കഴിക്കുമ്പോൾ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കും. പല കടകളിലും മറ്റും തണുത്ത വെള്ളത്തിനായി ഐസുകൾ ഉപയോഗിക്കാറുണ്ട്. ഐസിനുള്ളിൽ കോളറയുടെ അണുക്കൾ രണ്ടാഴ്ച വരെ നശിപ്പിക്കപ്പെടാതെ ഇരിക്കും. മലിനജലം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ് കട്ടകൾ കുടിവെള്ളത്തിൽ ഇടുകയാണെങ്കിൽ കോളറയുടെ സാദ്ധ്യത വർദ്ധിക്കുമെന്നതിൽ സംശയമില്ല. കൂടാതെ, പലതരത്തിലുള്ള ബോട്ടിൽഡ് ഡ്രിങ്കുകളിലൂടെയും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്. വയറിളക്കമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ ബ്ലീച്ച് ലായനിയിൽ പത്തു മിനിറ്റ് മുക്കിവെച്ചതിന് ശേഷം മാത്രം കുഴിച്ചിടുക.

ലക്ഷണങ്ങൾ അവഗണിക്കരുത്

രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. ശക്തമായ വയറിളക്കം, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.കാലുകൾക്ക് ബലക്ഷയം, ചെറുകുടൽ ചുരുങ്ങൽ, തളർച്ച, വിളർച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീരില്ലാത്ത അവസ്ഥ, കണ്ണുകൾ കുഴിയുക, മാംസപേശികൾ ചുരുങ്ങുക, നാഡീ മിടിപ്പിൽ ക്രമാതീതമായ വർദ്ധന, ഭക്ഷണ പദാർത്ഥങ്ങൾ ദഹിക്കാതെ വരുന്ന അവസ്ഥ എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ.

രോഗത്തെ തുടച്ചുനീക്കാം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക. 59 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ചൂടാക്കിയാൽ സാധാരണ വിബ്രിയോ കോളറ നീർവീര്യമാക്കപ്പെടും. അതേസമയം തിളപ്പിക്കുകയാണെങ്കിൽ ഏകദേശം ഒരു മിനിറ്റിനുള്ളിൽ തന്നെ കോളറയുടെ അണുക്കൾ നശിപ്പിക്കപ്പെടും. ചുറ്റുപാടും മലിനാമാവാതെ സൂക്ഷിക്കുക, ജലാശയങ്ങൾ മലിനമാക്കരുത്, കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം, ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തുക, ഈച്ചകൾ പെരുകുന്നത് തടയുക, പഴങ്ങൾ-പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകുക, ശൗചാലത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക, കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക, ഭക്ഷണവും വെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക, ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ജലാശയങ്ങളും കുളങ്ങളും കിണറുകളും മലിനവിമുക്തമാക്കുക എന്നിവയാണ് കോളറ തടയുന്നതിനുള്ള മറ്റ് പ്രധാന മാർഗങ്ങൾ. ഒരല്പം ജാഗ്രത പാലിച്ചാൽ കോളറ രോഗത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിലൂടെ ഒരുപരിധി വരെ രോഗത്തെ തടയാനാകും. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ വൈദ്യസഹായം തേടണം. എല്ലാവരും അവരവരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമായ സമയമാണിത്.

Advertisement
Advertisement