കുരിയാർകുറ്റി - കാരപ്പാറ പദ്ധതിക്ക് പുതുജീവൻ, പ്രതീക്ഷയോടെ കർഷകർ

Saturday 13 July 2024 2:11 AM IST

ഡാമുകളുടെ എണ്ണത്താൽ പാലക്കാട് സമ്പന്നമാണെങ്കിലും ജനുവരിയോടെ ഭാരതപ്പുഴയും കൈവരികളും വറ്റിവരണ്ട് നീർച്ചാലാവുന്നത് പതിവാണ്. ജലസേചനത്തിന് ഉപയോഗിക്കുന്ന 14 ഡാമുകളുണ്ട്, കാലവർഷം കുറഞ്ഞാൽ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി കുറയും. ഡാമുകളുടെ സാദ്ധ്യതകൾ പരീക്ഷിക്കാത്തതിനാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജില്ലയിൽ പുതിയ ജലസേചന പദ്ധതികളൊന്നും അനുവദിച്ചിട്ടില്ല. പാലക്കാട്ടുകാരുടെ പതിറ്റാണ്ടായുള്ള ആവശ്യം കണക്കിലെടുത്താണ് നിലവിൽ കുരിയാർകുറ്റി - കാരപ്പാറ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്.

കുരിയാർകുറ്റി - കാരപ്പാറ പദ്ധതിയുടെ കരട് രൂപരേഖ ടാറ്റാ കൺസൾട്ടിംഗ് എൻജിനിയേഴ്സ് (ടി.സി.ഇ) ജലസേചന വകുപ്പിന് ഒരാഴ്ച മുമ്പ് കൈമാറി. പദ്ധതി സംബന്ധിച്ച് സാദ്ധ്യതാപഠന റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ജലസേചന വകുപ്പിന് സമർപ്പിച്ചിരുന്നെങ്കിലും രൂപരേഖയിൽ സങ്കേതിക തകരാറുകളുണ്ടെന്ന് വകുപ്പ് കണ്ടെത്തുകയായിരുന്നു. ശേഷം കെ.എസ്.ഇ.ബി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ അധികൃതരും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ചിറ്റൂർപ്പുഴ എക്സി. എൻജിനിയറുടെ ചേംബറിൽ ചേർന്ന അവലോകനയോഗത്തിൽ അപാകതകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ അപാകതകളെല്ലാം പരിഹരിച്ച് സാദ്ധ്യതാപഠനത്തിന് മുന്നോടിയായുള്ള കരട് രൂപരേഖയാണ് ടി.സി.ഇ ജലസേചന വകുപ്പിന് നൽകിയിരിക്കുന്നത്.

കുരിയാർകുറ്റി കാരപ്പാറ പദ്ധതി യാഥാർത്ഥ്യമായാൽ കിഴക്കൻ മേഖലയുടെ ഭാഗമായ മുതലമട പഞ്ചായത്തിലെ മീങ്കര, ചുള്ളിയാർ ഡാമുകളിലും മൂലത്തറ റെഗുലേറ്ററിലും കൃഷിക്കും കുടിവെള്ള വിതരണത്തിനുമായി യഥേഷ്ടം വെള്ളം ലഭ്യമാകും. ഒപ്പം ഭാരതപ്പുഴ, ചിറ്റൂർപ്പുഴ, ഗായത്രിപ്പുഴ എന്നിവ വേനൽക്കാലത്തും ജലസമൃദ്ധമാകും. നിലവിൽ കാലാവസ്ഥ വ്യതിയാനവും വന്യജീവി ആക്രമണവും ഉൾപ്പെടെ ഏറെ പ്രയാസം നേരിട്ട് രണ്ടാംവിള കൊയ്‌തെടുക്കുന്ന പാലക്കാട്ടെ കർഷകർക്ക് ജലദൗർലഭ്യം പ്രതിസന്ധിയാകില്ല. മാത്രമല്ല, ആവശ്യമെങ്കിൽ മൂന്നാംവിളയെ കുറിച്ചും ആലോചിക്കാമെന്നതാണ് പദ്ധതി നൽകുന്ന വലിയ പ്രതീക്ഷ.

നാല് പതിറ്റാണ്ട് മുമ്പ് ഉപേക്ഷിച്ച പദ്ധതി

ചിറ്റൂർ താലൂക്കിലെ കുടിവെള്ള, ജലസേചന പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് കുരിയാർ കുറ്റികാരപ്പാറ പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്രപരിസ്ഥിതി വനംവകുപ്പിന്റെ എതിർപ്പുമൂലം നാല് പതിറ്റാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ട പദ്ധതിക്ക് 2020 നവംബർ 11നാണ് ടാറ്റാ കൺസൾട്ടിംഗ് എൻജിനിയറിംഗിന് കരാർ നൽകിയത്. കാരപ്പാറ പുഴയിൽ നെല്ലിയാമ്പതിക്കും പറമ്പിക്കുളം തേക്കടിക്കും ഇടയിൽ അണക്കെട്ട് നിർമ്മിച്ച് സംഭരിക്കുന്ന വെള്ളം, തുരങ്കംവഴി ചുള്ളിയാർ ഡാമിനുമുകളിലെ വെള്ളാരങ്കടവിലെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം.

ഈ വെള്ളം കമ്പാലത്തറയിലെത്തിച്ച് ജലസേചനപദ്ധതിക്ക് ഉപയോഗിക്കാനും ആലോചനയുണ്ടായിരുന്നു. ഇതിനായി കാരപ്പാറപ്പുഴയിൽ 50 മീറ്റർ ഉയരത്തിൽ ഡാം നിർമ്മിക്കും. കാരപ്പാറ ഡാമിൽ നിന്ന് വെള്ളാരങ്കടവിലേക്ക് വെള്ളമെത്തിക്കാൻ 12.5 കിലോമീറ്റർ ടണൽ നിർമ്മിക്കും. വെള്ളാരങ്കടവിൽ നിന്ന് പൈപ്പ്‌ലൈൻ, അക്വഡറ്റ് എന്നിവയിലൂടെ മീങ്കര ഡാമിന്റെ കിഴക്കുദിശയിലൂടെ കമ്പാലത്തറ ഏരിയിൽ വെള്ളമെത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.

കാരപ്പാറയിൽ നിന്ന് വെള്ളാരംകടവിലേക്ക് വെള്ളം എത്തണമെങ്കിൽ മലതുരന്ന് ഏകദേശം 12.5 കിലോമീറ്റർ ദൂരം ടണൽ നിർമ്മിക്കണം. ടണൽ നിർമ്മാണം 1982 ൽ ആരംഭിച്ചെങ്കിലും. 1983ൽ കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് നിർമ്മാണം തടഞ്ഞു. പിന്നീട് പലവട്ടം പദ്ധതി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങുകയായിരുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് പദ്ധതിയുടെ തുടക്ക കാലത്ത് 10 കോടിയോളം രൂപ ചെലവിട്ട് കൊഴിഞ്ഞാമ്പാറയിൽ നിർവഹണ ഓഫീസും മുതലമട വെള്ളാരംകടവിൽ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകളും നിർമ്മിച്ചിരുന്നു. ഇപ്പോഴതെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.

കഴിഞ്ഞ മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കെ.കൃഷ്ണൻകുട്ടിയുടെയും കെ.ബാബു എം.എൽ.എയുടെയും നേതൃത്വത്തിലാണ് കുരിയാർകുറ്റി - കാരപ്പാറ പദ്ധതി നടപ്പിലാക്കാൻ വീണ്ടും ശ്രമം ആരംഭിച്ചത്. 797.26 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.


മൂന്ന് ജില്ലകൾക്ക് ഗുണം

നെല്ലിയാമ്പതി പറമ്പിക്കുളം മലനിരകൾക്ക് ഇടയിലുള്ള വെള്ളം മുഴുവൻ കുരിയാർകുറ്റിയിലും കാരപ്പാറയിലും ഡാമുകൾ നിർമ്മിച്ച് ടണൽ വഴി മുതലമടയുടെ ഭാഗമായ വെള്ളാരംകടവിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി.

കുരിയാർകുറ്റിയിലെയും കാരപ്പാറയിലെയും വെള്ളം അണകെട്ടി ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിക്കളയുന്ന ജലം ശേഖരിച്ച ശേഷം കുട്ടിമലയിൽ 12.5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം നിർമ്മിച്ച് മുതലമട പഞ്ചായത്തിലെ വെള്ളാരംകടവ് എത്തിക്കും. അവിടെ നിന്ന് കനാൽ വഴി ചിറ്റൂർ മേഖലയിലും തൃശൂർ, മലപ്പുറം ജില്ലകളിലേക്കും വെള്ളം എത്തിക്കാൻ കഴിയുന്നതാണ് പദ്ധതി. കാരപ്പാറ അരുവിയിൽ 94.8അടി ഉയരത്തിൽ അണക്കെട്ട് നിർമ്മിച്ചാൽ പ്രതിവർഷം 2.5 ടി.എം.സി ജലം സംഭരിക്കാനാകും. കാരപ്പാറയിൽ നിന്ന് കമ്പാലത്തറയിൽ എത്ര വെള്ളമെത്തുന്നുവോ അത്രയും വെള്ളം പറമ്പിക്കുളം - ആളിയാർ കരാറിൽ നിന്ന് മൂലത്തറയിലെ വലതുകര കനാൽവഴി കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ കാർഷിക, കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാം.

കുറഞ്ഞ ചെലവിൽ വൈദ്യുതി

പരിസ്ഥിതി ആഘാതം ഉണ്ടാകാത്ത രീതിയിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉത്പ്പാദിപ്പിച്ച് ജനങ്ങൾക്ക് നൽകും. കൽക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത പദ്ധതികളെക്കാൾ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവ തന്നെയാണ് ജലവൈദ്യുത പദ്ധതികൾ.

കേരളത്തിൽ ജലവൈദ്യുതി ഉത്പാദനം ഒരു യൂണിറ്റിനു 51 പൈസ നിരക്കിലാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നത് യൂണിറ്റിന് മൂന്നര മുതൽ 18 രൂപ വരെ നിരക്കിലാണ്. ഇത് കേരളത്തിന് വൻ നഷ്ടമാണ് വരുത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്.

ഏകദേശം മൂവായിരത്തോളം ടി.എം.സി ജലമാണ് കേരളത്തിൽ ഉപയോഗയോഗ്യമായത്. ഇതിൽ 300 ടി.എം.സിയോളം ജലം മാത്രമാണ് വൈദ്യുതി, ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കൂടുതലായി രണ്ടായിരത്തോളം ടി.എം.സി ജലം കേരളത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് പഠനങ്ങളുണ്ട്. അതിനാൽത്തന്നെ കൂടുതൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Advertisement
Advertisement