വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

Saturday 13 July 2024 1:30 AM IST

കോഴിക്കോട് : ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെന്റ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മുക്കം എം.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ചാത്തമംഗലം ക്യാമ്പസ്, കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് എന്നിവിടങ്ങളിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ ചൂണ്ടി കാണിച്ചാണ് പരാതി. മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചു. 2022 മാർച്ച് 22 ന് ചില വിദ്യാർത്ഥികൾ സ്‌കൂൾ ക്യാമ്പസിൽ കാറുകളും ഇരുചക്ര വാഹനങ്ങളുമായി എത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ നിരീക്ഷിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Advertisement
Advertisement