വിശ്വാസവഞ്ചന: യുവതിയുടെ മുൻകൂർ ജാമ്യ ഹരജി ജില്ലാ കോടതി തള്ളി

Saturday 13 July 2024 1:31 AM IST

കാസർകോട്: പണം വാങ്ങി തിരിച്ചു തരാതെ വഞ്ചിക്കുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പൊയിനാച്ചി സ്വദേശിയായ അഖിലേഷിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യ ഹരജി കാസർകോട് ജില്ല സെഷൻസ് കോടതി തള്ളി. വിശ്വാസവഞ്ചന, ധനാപഹരണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ശ്രുതി.

പരാതിക്കാരൻ അഖിലേഷിനു വേണ്ടി അഡ്വ. കെ. ശ്രീകാന്തും, പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടരുടെ ചുമതലയുള്ള അഡ്വ. ചന്ദ്രമോഹനും കോടതിയിൽ ഹാജരായി. പ്രതി ശ്രുതി ചന്ദ്രശേഖരനു വേണ്ടി അഡ്വ. സാജിത്ത് കമ്മാടത്താണ് ഹാജരായത്. രണ്ടുദിവസത്തെ വാദത്തിനു ശേഷമാണ് കോടതി ജാമ്യ ഹർജി നിരാകരിച്ചത്.

തൃശ്ശൂരിലെ പൊലീസുകാരൻ ശ്രീരാജിന് എതിരെയും മംഗലാപുരത്തെ സുജിത്തിനെതിരെയും തന്റെ പരാതിയിൽ എടുത്ത കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്ന പൊലീസ് ആണ് അഖിലേഷിനെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചതെന്നും മകനെ ഉപദ്രവിച്ച സംഭവത്തിൽ പരാതി നൽകാനിരിക്കെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ആയിരുന്നു കോടതിയിൽ പരാതിക്കാരിയുടെ വാദം. എന്നാൽ പണം വാങ്ങിയ ശേഷം തിരിച്ചു ചോദിക്കുമ്പോൾ ആണ് യുവതി പരാതി നൽകുന്നതെന്നും അഖിലേഷിനെ നൽകിയ ചെക്ക് ബാങ്കിൽ നിന്നും മടങ്ങിയപ്പോഴാണ് യുവതി അഖിലേഷിനെ കുടുക്കാൻ ശ്രമിച്ചതെന്നും പരാതിക്കാരന് വേണ്ടി അഡ്വ. കെ. ശ്രീകാന്ത് കോടതിയിൽ വാദിച്ചു.

ഐ.എസ്.ആർ.ഒ എൻജിനീയർ ആണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്നും തെറ്റിദ്ധരിപ്പിക്കാൻ യുവതി നിർമിച്ച വ്യാജ തിരിച്ചറിയൽ കാർഡുകളും വിവാഹ പരസ്യവും അഡ്വ. ശ്രീകാന്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. മംഗലാപുരത്ത് യുവാവിനെതിരെ നൽകിയ പരാതിയിൽ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് യുവതി സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. തുടർന്നാണ് മുൻകൂർ ജാമ്യ ഹരജി കോടതി തള്ളിയത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും ശക്തിയായി എതിർത്തു.

Advertisement
Advertisement