പട്ടാപ്പകൽ വീട്ടിൽ മോഷണം ഒരാൾ പിടിയിൽ, രണ്ടു പേർ രക്ഷപ്പെട്ടു

Saturday 13 July 2024 1:33 AM IST

പരപ്പ: പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ മോഷണ ശ്രമം. നാട്ടുകാർ ഒരാളെ പിടികൂടി. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എടത്തോട് പാലത്തിന് സമീപം മുൻ പ്രവാസിയായ ബി. മുഹമ്മദ് അലിയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. വീട്ടുകാർ വീടു പൂട്ടി പുറത്തു പോയ നേരത്ത് അപരിചിതരായ മൂന്നു പേർ മുഹമ്മദ് അലിയുടെ വീട്ടിൽ കയറുന്നത് ശ്രദ്ധയിൽപെട്ട അയൽവാസിയായ എം.എ കുഞ്ഞാമദും ഭാര്യ മിസ്റിയയും ഇവരെ നിരീക്ഷിച്ചു. ഉടനെ മുഹമ്മദലിയെ വിവരം അറിയിച്ചു.

ഇതിനിടെ ഇവർ മോഷണ ശ്രമം തുടങ്ങി. ഇതിലൊരാൾ കോഴിയെ പിടികൂടി. നാട്ടുകാർ എത്തുമെന്ന് മനസ്സിലാക്കിയ മൂന്നു പേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പിടികൂടി. വിവരമറിഞ്ഞെത്തിയ വെള്ളരിക്കുണ്ട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മറ്റു രണ്ടു പേർക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. അന്യ സംസ്ഥാനക്കാരാണ് ഇവരെന്ന് നാട്ടുകാർ പറഞ്ഞു.