കമൽഹാസൻ ആറാടി

Saturday 13 July 2024 6:00 AM IST

പ്രേക്ഷകരിൽ നൊമ്പരമായി നെടുമുടി വേണു

കമൽഹാസന്റെ ആറാട്ടാണ് ഇന്ത്യൻ 2. ഇരുപതിയെട്ടു വർഷത്തിനുശേഷം കമൽഹാസനും മാസ്റ്റർ ക്രാഫ്റ്റ്സ്‌മാൻ ഷങ്കറും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ആരു കുറ്റം ചെയ്താലും അത് സ്വന്തം മകനാണെങ്കിൽ പോലും ശിക്ഷിക്കുന്ന ധർമ്മവീരനാണ് ഇന്ത്യനിലെ സേനാപതി. അഴിമതിക്ക് എതിരെയുള്ള സേനാപതിയുടെ പോരാട്ടം വർഷങ്ങൾക്കു ശേഷവും തുടരുകയാണ്.

സമൂഹത്തിൽ നടക്കുന്ന അനീതികൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിക്കുന്ന നാലു സുഹൃത്തുക്കൾ. ഇവർക്കിടയിലേക്ക് സേനാപതി എന്ന സ്വാതന്ത്ര്യ‌ സമര പോരാളി എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇന്ത്യൻ 2. നൂറുവയസിനു മുകളിൽ എത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടുന്നു. സിദ്ധാർത്ഥിന്റെ മനോഹരമായ കഥാപാത്രമാണ് ചിത്ര അരവിന്ദ് എന്ന വ്ളോഗർ .കഥാപാത്രം നായകതുല്യം തന്നെയാണ്. പഴയ കൃഷ്ണമൂർത്തി എന്ന സി. ബി. എെ ഉദ്യോഗസ്ഥനായി നെടുമുടി വേണു മുഴുനീള വേഷത്തിൽ എത്തുന്നു.

പ്രേക്ഷകരിൽ വിങ്ങൽ ഉണ്ടാക്കുന്നുണ്ട് നെടുമുടി വേണു.

ഒപ്പം അകാലത്തിൽ വിടപറഞ്ഞ വിവേക്, മനോബാല എന്നിവരെയും
എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ചതിൽ ഷങ്കറും അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു. സേനാപതിയുടെ പോരാട്ടം ഇനിയാണ് ആരംഭിക്കുക എന്ന സൂചന നൽകിയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. ഇന്ത്യൻ 3 ജനുവരിയിൽ എത്തുമെന്ന് ഷങ്കർ വ്യക്തമാക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറുടെ സംഗീതം ഇന്ത്യൻ 2ന്റെ ആകർഷണീയതയാണ്. ഇന്ത്യനിൽ എ.ആർ. റഹ്മാൻ ഒരുക്കിയ ബി.ജി.എം ഇടയ്ക്ക് കയറിവരുന്നുണ്ട്.

Advertisement
Advertisement