അഗ്നിവീറുകൾക്ക് നൽകുന്ന സംവരണം

Saturday 13 July 2024 12:44 PM IST

അഗ്നിവീറുകളായി സേനയിൽ നിന്ന് നാലു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നവർക്ക് അർദ്ധ സൈനിക വിഭാഗങ്ങളിൽ പത്തു ശതമാനം സംവരണം നൽകാൻ കേന്ദ്രം ചട്ടഭേദഗതി വരുത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇങ്ങനെയൊരു തീരുമാനം അഗ്നിവീർ പദ്ധതി നടപ്പാക്കിയപ്പോഴേ ഏർപ്പെടുത്തിയിരുന്നെങ്കിൽ ഈ മികച്ച പദ്ധതിക്കെതിരെയുള്ള നിരവധി വിമർശനങ്ങൾ സർക്കാരിന് ഒഴിവാക്കാമായിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷ സഖ്യം അഗ്നിവീർ പദ്ധതിയെ കരുവാക്കിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇടത്തരം കുടുംബങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ജോലി നേടാൻ ശ്രമിക്കുന്നത് പട്ടാളത്തിലാണ്. അതിനാൽ പട്ടാളവുമായി ബന്ധപ്പെട്ട ഏതു വിമർശനവും- അത് സത്യമോ വ്യാജമോ എന്നു പോലും തിരിച്ചറിയുന്നതിന് മുമ്പുതന്നെ അവിടത്തെ കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിക്കും.

സ്വീഡനിൽ നിന്ന് ബോഫോഴ്സ് തോക്കുകൾ വാങ്ങിയതിൽ കമ്മിഷൻ പറ്റിയിട്ടുണ്ടെന്ന വാർത്തകൾ കത്തി നിന്ന കാലത്തു നടന്ന ഒരു പൊതു തിരഞ്ഞെടുപ്പിൽ ഈ പീരങ്കികൾ വെടിവച്ചാൽ പൊട്ടില്ലെന്ന പ്രചാരണമാണ് യു.പിയിലെയും ബീഹാറിലെയും രാജസ്ഥാനിലെയും ഹരിയാനയിലെയും മറ്റും ഓരോ വീട്ടിലും കയറി അന്നത്തെ പ്രതിപക്ഷ സഖ്യം നടത്തിയത്. കമ്മിഷൻ വാങ്ങിയാണ് ഈ ആയുധ ഇടപാട് നടന്നതെന്ന് പിന്നീട് വ്യക്തമായെങ്കിലും ബോഫോഴ്സ് തോക്കുകൾ ഉന്നത നിലവാരം പുലർത്തുന്നതാണെന്നതാണ് വസ്തുത. ഇത് പിന്നീട് കാർഗിൽ യുദ്ധവേളയിൽ തെളിയിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇലക്‌ഷൻ സമയത്ത് വീടുകളിൽ ചെന്ന് സ്ത്രീകളോട് നിങ്ങളുടെ ഭർത്താക്കന്മാരും മക്കളും ഈ തോക്കുമായി യുദ്ധത്തിനിറങ്ങിയാൽ വെടിയേറ്റു മരിക്കുമെന്ന് പറയുമ്പോൾ അവരിൽ കുറച്ചു പേരെങ്കിലും വിശ്വസിക്കും. രാഷ്ട്രീയക്കാർ താത്കാലിക ലാഭത്തിനു വേണ്ടി കളിക്കുന്ന കളിയാണിത്.

ഈ പൊതു തിരഞ്ഞെടുപ്പിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അഗ്നിവീർ പദ്ധതിക്കെതിരെ നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനം അഗ്നിവീർ പദ്ധതി വന്നതിനാൽ ഇനി ആർക്കും പട്ടാളത്തിൽ സ്ഥിരം ജോലി കിട്ടില്ല എന്നതായിരുന്നു. ഈ പ്രചാരണം ഏറക്കുറെ ഏശിയെന്ന് തെളിയിക്കുന്നതു കൂടിയാണ് ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്കേറ്റ തിരിച്ചടി. ഇത് തിരിച്ചറിഞ്ഞുകൊണ്ടു കൂടിയാണ് അഗ്നിവീറുകൾക്ക് ഇപ്പോൾ അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകാനുള്ള തീരുമാനം.

പ്രധാനമായും രണ്ട് വിമർശനങ്ങളാണ് അഗ്നിവീർ പദ്ധതിക്കെതിരെ ഉയർന്നിട്ടുള്ളത്. ഒന്നാമത്, നാലു വർഷത്തെ സേവനം കഴിഞ്ഞ് പിരിയുമ്പോൾ 11 ലക്ഷം രൂപ കിട്ടുമെന്നല്ലാതെ മറ്റ് പെൻഷൻ ആനുകൂല്യങ്ങളൊന്നും കിട്ടില്ല എന്നതാണ്. മറ്റൊന്ന്, ഇവർ മരണമടഞ്ഞാൽ നഷ്ടപരിഹാരം യഥാർത്ഥ സൈനികർക്ക് ലഭിക്കുന്ന തോതിൽ ലഭിക്കില്ല എന്നതും.

അഗ്നിവീർ സൈനികൻ മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല എന്നത് വ്യാജ പ്രചാരണമാണ്. ഇൻഷ്വറൻസ് തുകയും കേന്ദ്ര സർക്കാരിന്റെ സഹായധനവും കേന്ദ്ര ക്ഷേമ നിധിയിൽ നിന്നുള്ള സഹായവും ഉൾപ്പെടെ ഒന്നരകോടിയോളം രൂപ ലഭിക്കുമെന്നതാണ് യഥാർത്ഥ്യം. എന്നാൽ തുക ലഭിക്കാൻ രണ്ടു മുതൽ മൂന്നു മാസം വരെ വേണ്ടിവരും. നടപടിക്രമങ്ങളുടെ സങ്കീർണത കാരണമാണിത്. ഇതിലും മാറ്റം വരുത്താൻ ഈ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം തയ്യാറാവേണ്ടതാണ്. വ്യാജ പ്രചാരണങ്ങളിൽ തളരാതെ ഈ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോവുകതന്നെ വേണം. അതേസമയം, ജോലികളിലും മറ്റും അഗ്നിവീറുകൾക്ക് മുൻഗണന നൽകാൻ സ്വകാര്യ മേഖലയും മുന്നോട്ടു വരേണ്ടതാണ്.

Advertisement
Advertisement