എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

Saturday 13 July 2024 4:25 AM IST

#ഹൈക്കോടതി ഉത്തരവിന് സ്റ്റേ വെള്ളാപ്പള്ളിയുടെ ഹർജിയിൽ

ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്രേ ചെയ്‌തു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് എസ്.എൻ.ഡി.പി യോഗവും, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമർപ്പിച്ച ഹർജിയിലാണ് നടപടി.

യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും വാദമുഖങ്ങൾ പ്രഥമദൃഷ്‌ട്യാ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ഉത്തരവിട്ടത്. അഭിഭാഷകരായ വി. ഗിരി, റോയ് എബ്രഹാം എന്നിവരാണ് ഹാജരായത്. ഹർജിയിൽ വിശദമായി വാദം കേൾക്കാനും സുപ്രീംകോടതി തീരുമാനിച്ചു. രഘുനാഥ പണിക്കർ തുടങ്ങി പതിനഞ്ചോളം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. സെപ്‌തംബർ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.

എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണത്തിന് പ്രത്യേക സ്‌കീം രൂപീകരിക്കണമെന്നും, ഭാരവാഹികളെ നീക്കണമെന്നും ആവശ്യപ്പെട്ട് എതിർകക്ഷികൾ എറണാകുളം ജില്ലാക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന് എറണാകുളം ജില്ലാക്കോടതി ഉത്തരവിട്ടു. പബ്ലിക് ട്രസ്റ്റായ അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ പിന്തുടർച്ചാ സംഘടനയാണ് എസ്.എൻ.ഡി.പി യോഗമെന്നും നിരീക്ഷിച്ചു. ഈ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെയാണ് യോഗവും ജനറൽ സെക്രട്ടറിയും സുപ്രീം കോടതിയെ സമീപിച്ചത്.

പബ്ലിക് ലിമിറ്റഡ് കമ്പനി

എസ്.എൻ.ഡി.പി യോഗം പബ്ലിക് ട്രസ്റ്രല്ല, പബ്ലിക് ലിമിറ്റഡ് കമ്പനിയാണെന്നാണ് യോഗത്തിന്റെയും ജനറൽ സെക്രട്ടറിയുടെയും നിലപാട്. സ്യൂട്ട് ഹർജി നിലനിൽക്കില്ല. ഹർജി പരിഗണിക്കുന്നെങ്കിൽ പോലും എറണാകുളം ജില്ലാക്കോടതിക്ക് അധികാരമില്ല. കൊല്ലം ജില്ലയിലെ കോടതിക്ക് മാത്രമേ അധികാരമുള്ളു. അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ പിന്തുടർച്ചാ സംഘടനയാണ് എസ്.എൻ.ഡി.പി യോഗമെന്ന് തെളിവോ, രേഖയോ ഇല്ലാതെ ജില്ലാക്കോടതി വിധിക്കുകയായിരുന്നു. അങ്ങനെയൊരു വാദം സ്യൂട്ട് ഹർജിയിൽ എതിർകക്ഷികൾ ഉന്നയിച്ചിരുന്നില്ല. ശ്രീനാരായണഗുരു അരുവിപ്പുറം ക്ഷേത്രത്തിന്റെ വസ്‌തുവകകൾ ഇഷ്‌ടദാനമായി ശിവഗിരി ധ‌ർമ്മസംഘം ട്രസ്റ്റിനാണ് നൽകിയിരുന്നതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ യോഗം ചൂണ്ടിക്കാട്ടി.

Advertisement
Advertisement