ജൂൺ 25 ഭരണഘടനഹത്യാ ദിനമായി കേന്ദ്രം ആചരിക്കും

Saturday 13 July 2024 4:59 AM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയ ജൂൺ 25 എല്ലാ വർഷവും ഭരണഘടനഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ ഭരണഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസ്-ബി.ജെ.പി പോര് പുതിയ തലത്തിലെത്തി.

1975 ജൂൺ 25 ന് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ചവരുടെ മഹത്തായ ത്യാഗത്തെ അനുസ്മരിക്കാൻ വേണ്ടിയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.

ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യപരമായി രാഷ്ട്രത്തിനുമേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച് ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കിയതിന്റെ ഓർമ്മ ദിവസമാണത്. ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകൾ ജയിലിലായി. മാദ്ധ്യമങ്ങളെ നിശബ്ദമാക്കി-അമിത് ഷാ പറഞ്ഞു.

ബി.ജെ.പി സർക്കാർ ഭരണഘടനയെ അപകടത്തിലാക്കുന്നുവെന്ന മുദ്രാവാക്യമുയർത്തിയാണ് കോൺഗ്രസ് ഇപ്പോഴത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലും ഇരു പാർട്ടികളും ഈ വിഷയത്തിൽ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ സർക്കാരിനെ ആക്രമിക്കാൻ വിഷയം ഉപയോഗിച്ചു. അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ പ്രതിരോധിച്ചത്.

Advertisement
Advertisement