മോചനത്തിന് സി.ബി.ഐ കേസിലും ജാമ്യം നേടണം, കേജ്‌രിവാളിന് ഇ.ഡി കേസിൽ ജാമ്യം; ജയിലിൽ തുടരും

Saturday 13 July 2024 12:33 AM IST

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ (കള്ളപ്പണം വെളുപ്പിക്കൽ) ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. മദ്യനയത്തിലെ സി.ബി.ഐ കേസിലും (അഴിമതി) ജാമ്യം നേടിയാലേ ജയിൽ മോചിതനാവൂ.

ഇ.ഡി കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കെയാണ് സുപ്രീംകോടതിയുടെ ആശ്വാസം. ഇ.ഡി അറസ്റ്റിനെതിരെ കേജ്‌രിവാളിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഹർജി വിശാലബെഞ്ചിന് വിട്ടു.

ഇതേ ബെഞ്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 22 ദിവസത്തെ ജാമ്യം കേജ്‌രിവാളിന് അനുവദിച്ചിരുന്നു. ശേഷം തിഹാർ ജയിലിൽ കീഴടങ്ങി.

 എന്തുകൊണ്ട് ഇടക്കാല ജാമ്യം

90 ദിവസത്തിലേറെ തടവ് അനുഭവിച്ചു

ഭരണഘടനയിലെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും, ഹർജി വിശാലബെഞ്ചിന് വിട്ടതും കോടതി ചൂണ്ടിക്കാട്ടി.

മോചനത്തിൽ അനിശ്ചിതത്വം

സി.ബി.ഐ കേസിൽ കേജ്‌രിവാളിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് റൗസ് അവന്യു കോടതി. 17ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതി നിലപാട് മോചനത്തിൽ നിർണായകമാകും.

എന്തിന് വിശാലബെഞ്ച്

ഇ.ഡി അറസ്റ്റിൽ കേജ്‌രിവാൾ നിയമപ്രശ്‌നങ്ങൾ ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 19ലാണ് അറസ്റ്റിനുള്ള ഇ.ഡിയുടെ അധികാരത്തെ പറ്റി പറയുന്നത്. ഈ വകുപ്പ് പ്രകാരം അറസ്റ്റ് പറ്റില്ലെന്നും ഇ.ഡിയുടെ പക്കൽ തെളിവില്ലായിരുന്നുവെന്നും

കേജ്‌രിവാൾ വാദിച്ചിരുന്നു. ചോദ്യം ചെയ്യാൻ അറസ്റ്റ് ആവശ്യമില്ലെന്ന് സുപ്രീംകോടതി പ്രഥമദൃഷ്‌ട്യാ വിലയിരുത്തി. ഇതെല്ലാം വിശാലബെഞ്ചാണ് പരിശോധിക്കേണ്ടത്. ഇടക്കാല ജാമ്യം നീട്ടണോ,

റദ്ദാക്കണോയെന്നും വിശാലബെഞ്ചിന് തിരുമാനിക്കാം.

രാജി ആവശ്യപ്പെടാനാവില്ല

തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് സ്ഥാനമൊഴിയാനോ മന്ത്രിയായോ മുഖ്യമന്ത്രിയായോ പ്രവർത്തിക്കരുതെന്നോ നിർദ്ദേശിക്കാൻ കോടതികൾക്കാവുമോ എന്നതിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.

ജാമ്യവ്യവസ്ഥകൾ

50,000 രൂപയുടെ ബോണ്ട്

മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയറ്റിലോ പോകരുത്

ലെഫ്റ്റ. ഗവർണറുടെ അനുമതി ആവശ്യമുള്ളതല്ലാത്ത ഫയലുകളിൽ ഒപ്പിടരുത്

മദ്യനയക്കേസിലെ തന്റെ പങ്കിനെപ്പറ്റി പറയരുത്

സാക്ഷികളെ കാണരുത്. കേസ് ഫയലുകൾ വിളിച്ചുവരുത്തരുത്.

സത്യമേവ ജയതേ. ബി.ജെ.പിയുടെ ഗൂഢാലോചന വെളിച്ചത്തായി.

--ആംആദ്മി പാർട്ടി

ഇടക്കാല ജാമ്യമെന്നാൽ വെറുതെവിട്ടു എന്നല്ല.

--ബി.ജെ.പി

Advertisement
Advertisement