പവർ ടി.വി വിലക്ക് പ്രജ്വലിന്റെ പീഡന വാ‌ത്തകൾ തടയാൻ: സുപ്രീംകോടതി

Saturday 13 July 2024 12:41 AM IST

ന്യൂഡൽഹി : കർണാടകയിലെ വാർത്താ ചാനലായ പവർ ടി.വിയുടെ സംപ്രേഷണം വിലക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് വിമർശിച്ച് സുപ്രീംകോടതി.

ജെ.ഡി (എസ്) നേതാവായിരുന്ന പ്രജ്വൽ രേവണ്ണ,​ സഹോദരൻ സൂരജ് രേവണ്ണ എന്നിവർ ഉൾപ്പെട്ട ലൈംഗിക പീഡനം സംബന്ധിച്ച് ചാനൽ നിരന്തരം വാ‌ർത്തകൾ സംപ്രേഷണം ചെയ്‌തിരുന്നു. ഈ വാർത്തകൾ തടയാനാണ് സംപ്രേഷണം വിലക്കിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് നിരീക്ഷിച്ചു. ചാനലിന് ലൈസൻസില്ലെന്നും വിലക്കാവുന്നതാണെന്നും കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്ന് കർണാടക ഹൈക്കോടതി സംപ്രേഷണം തടഞ്ഞിരുന്നു. ഈ നടപടി സുപ്രീംകോടതി തിങ്കളാഴ്ച്ച വരെ സ്റ്റേ ചെയ്‌തു. ചാനലിന്റെ ഹർജി അന്ന് വീണ്ടും പരിഗണിക്കും.

 അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കണം

ചാനലിന് ലൈസൻസില്ലെന്ന ഹർജികളിലാണ് കർണാടക ഹൈക്കോടതി സംപ്രേഷണം വിലക്കിയത്. കേന്ദ്രവും ഹൈക്കോടതിയിൽ ചാനലിനെതിരെ നിലപാടെടുത്തു. ലൈംഗികപീഡന വാർത്തകൾ സംപ്രേഷണം ചെയ്‌ത ചാനലിനെ പൂർണമായും നിശബ്ദമാക്കുകയായിരുന്നു ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ കോടതി പരാജയപ്പെടുമെന്നും പറഞ്ഞു.

Advertisement
Advertisement