കാണാൻ ആധാറുമായി എത്തണം കങ്കണയുടെ നിർദ്ദേശം വിവാദത്തിൽ

Saturday 13 July 2024 1:05 AM IST

മാണ്ഡി: തന്നെ കാണാനെത്തുന്നവർ ആധാർ കാർഡ് കൊണ്ടുവരണമെന്നും പരാതി എന്തെന്ന് വിശദമായി എഴുതി നൽകണമെന്നും

നടിയും എം.പിയുമായ കങ്കണ റണൗട്ട്. ധാരാളം വിനോദ സഞ്ചാരികളാണ് ഹിമാചലിൽ പ്രതിദിനം എത്തുന്നത്. കാണാനെത്തുന്നവ‌ർ മാണ്ഡി സ്വദേശികളെന്ന് ഉറപ്പിക്കാനാണ് ഇത്തരമൊരു നി‌ർദ്ദശമെന്നും പ്രതിസന്ധികൾ ഒഴിവാക്കുകയാണു ലക്ഷ്യമെന്നും കങ്കണ പറഞ്ഞു. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത് നാട്ടുകാർക്ക് അസൗകര്യമുണ്ടാക്കുന്നു. എം.പിയുടെ അടുത്തെത്തുന്നതു മാണ്ഡ്യ സ്വദേശികളാണോ എന്ന് ഉറപ്പു വരുത്താനാണ് ആധാർ കാർഡ്. പാർലമെന്റിൽ അവതരിപ്പിക്കേണ്ട നിങ്ങളുടെ പ്രശ്നങ്ങളുമായി മാത്രം കാണാൻ വരണം. അതൊരു പേപ്പറിൽ എഴുതി നൽകണം. തടസങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കും.- കങ്കണ പറഞ്ഞു. എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. ജനങ്ങളെയും അവരുടെ പ്രശ്നങ്ങളെയും തിരിച്ചറിഞ്ഞ് ജനപ്രതിനിധി അങ്ങോട്ടാണ് ചെല്ലേണ്ടതെന്നും

കങ്കണയുടെ രീതികൾ അതിന് ചേരുന്നതല്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. ജനപ്രതിനിധിയെ കാണാനെത്തുന്നവർ ആധാർ കാർഡ് കാണിക്കേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പ്രതികരിച്ചു. ''നമ്മൾ ജനങ്ങളുടെ പ്രതിനിധികളാണ്. നാട്ടിലെ ജനങ്ങളെ കണ്ട് അവരുടെ പ്രശ്നങ്ങൾ അറിയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രശ്നങ്ങൾ കേട്ട് നടപടി സ്വീകരിക്കണം. പ്രശ്നങ്ങൾ മാത്രമല്ല,​ ജനപ്രതിനിധിയെ സമീപിക്കുന്നതിന്

തിരിച്ചറിയൽ കാർഡ് നൽകേണ്ട കാര്യമില്ല- അദ്ദേഹം പറഞ്ഞു.

Advertisement
Advertisement