ബില്ലുകളിൽ ഒപ്പിടുന്നില്ല: ഗവർണർക്കെതിരെ മമത സർക്കാർ സുപ്രീംകോടതിയിൽ
Saturday 13 July 2024 1:07 AM IST
ന്യൂഡൽഹി : നിയമസഭ പാസാക്കി അയച്ച എട്ടു ബില്ലുകളിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മമത സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാത്തതിന് പിന്നിലെ കാരണങ്ങൾ ഗവർണർ വ്യക്തമാക്കിയിട്ടില്ല. ഇത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. ബംഗാളിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകൾ ഉൾപ്പെടെയാണ് ഗവർണറുടെ പക്കലുള്ളത്. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ബംഗാൾ ഗവർണറായിരിക്കെയാണ് ആറു ബില്ലുകൾ അംഗീകാരത്തിനായി അയച്ചത്. ഡോ.സി.വി. ആനന്ദബോസ് ചുമതലയേറ്ര ശേഷം പാസാക്കിയതാണ് രണ്ടു ബില്ലുകളെന്നും ബംഗാൾ സർക്കാർ അറിയിച്ചു.