കപ്പലിൽ മുങ്ങി, വിമാനത്തിൽ എത്തിച്ചു. നടന്നത് ലക്ഷങ്ങളുടെ ഡീൽ

Saturday 13 July 2024 2:44 AM IST

കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയ ആംബർഗ്രീസ് ( തിമിംഗല ഛർദ്ദി​ ) എത്തിച്ചത് വമ്പൻ ഡീലിന് മുമ്പുള്ള സാമ്പിൾ കച്ചവടത്തിന്.

അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇർഫാഖിൽ നിന്നാണ് വിവരം വനംവകുപ്പിന് ലഭിച്ചത്.

കളമശേരി സ്വദേശി വിൽസണിന് വിൽക്കുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച രാവിലെയാണ് ഒന്നരകിലോ ആംബർഗ്രീസ് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ നിന്ന് കടവന്ത്ര പൊലീസും വനംവകുപ്പും ചേർന്ന് പിടികൂടിയത്.

ലക്ഷദ്വീപ് തീരത്ത് നി​ന്ന് തനി​ക്ക് ലഭി​ച്ചതാണെന്നാണ് ഇയാളുടെ മൊഴി. ഇതിൽ ഒന്നര കിലോഗ്രാം പ്രത്യേകം പൊതിഞ്ഞ് കപ്പൽമാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ബാക്കി​ ലക്ഷദ്വീപിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് വെളിപ്പെടുത്തൽ. ലക്ഷദ്വീപിൽ ഉന്നതരാഷ്ട്രീയ ബന്ധമുള്ളയാളാണ് ഇർഫാഖ്.

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് ജാഫർ, നൗഷാദ് എന്നീ ലക്ഷദ്വീപ് പൊലീസുകാരുടെ മുറിയിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസുകാർക്ക് ഇടപാടുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരുടെ ഫോണുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറും. ആംബർഗ്രീസ് പിടികൂടിയത് പൊലീസുകാരുടെ മുറിയിൽ നിന്നായതിനാൽ ഇവരെ പ്രതിചേർത്താണ് കേസെടുത്തിരുന്നത്. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി.

 കപ്പലിൽ മുങ്ങി; വിമാനത്തിൽ എത്തിച്ചു


ആംബർഗ്രീസ് കേസിൽ ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇർഫാഖാണ് നേരത്തെ അറസ്റ്റിലായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ രണ്ട് പൊലീസുകാർക്ക് ആംബർഗ്രീസ് ഒരു കവറിലാക്കി കൈമാറിയത്. തുടർന്ന് ലക്ഷദ്വീപിലേക്ക് മുങ്ങിയ ഇർഫാഖിനെ പിടികൂടാൻ വനംവകുപ്പ് ലക്ഷദ്വീപ് അഡ്മിനിട്രേഷനിൽ വിവരം കൈമാറി. ഇന്നലെ രാവിലെ കപ്പലിൽ ചെന്നിറങ്ങിയ ഇയാളെ ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിമാനമാർഗം നെടുമ്പാശേരിയിൽ എത്തിച്ച് കൈമാറുകയായിരുന്നു. ഇവിടെ നിന്നും കോടനാട് റേഞ്ചർ പ്രതിയെ കസ്റ്റഡിൽ വാങ്ങി. അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement