അമേരിക്കൻ നടി ഷെല്ലി ഡുവാൽ അന്തരിച്ചു

Saturday 13 July 2024 7:13 AM IST

ലോസ് ആഞ്ചലസ് : അമേരിക്കൻ നടി ഷെല്ലി ഡുവാൽ (75) അന്തരിച്ചു. വ്യാഴാഴ്ച ടെക്സസിലെ വസതിയിൽ ഉറക്കത്തിലായിരുന്നു അന്ത്യം. പ്രമേഹ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ദ ഷൈനിംഗ്, ആനി ഹാൾ, നാഷ്‌വില്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷെല്ലി നായികയായും സഹനടിയായും തിളങ്ങി.

റോബർട്ട് ഓൾട്ട്മാൻ സംവിധാനം ചെയ്ത 3 വിമൻ ( 1977 ) എന്ന ചിത്രത്തിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടി. ബാഫ്റ്റ നോമിനേഷനും ലഭിച്ചു. പൊപ്പയ് (1980) എന്ന ചിത്രത്തിൽ ഒലിവ് ഓയിൽ എന്ന കഥാപാത്രത്തിലൂടെയും പ്രശംസ നേടി.

രണ്ട് ദശാബ്ദം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ദ ഫോറസ്റ്റ് ഹിൽസ് (2023) ആണ് അവസാന ചിത്രം. ദ അണ്ടർനീത്, റോക്കറ്റ്മാൻ, ടേൽ ഒഫ് ദ മമ്മി, മാനാ ഫ്രം ഹെവൻ തുടങ്ങിയവയാണ് ഷെല്ലിയുടെ മറ്റ് പ്രധാന ചിത്രങ്ങൾ. സംഗീതജ്ഞൻ ഡാൻ ഗിൽറോയ് ജീവിത പങ്കാളിയായിരുന്നു.

Advertisement
Advertisement