മെക്‌സിക്കോയിൽ കൂട്ടത്തോടെ പുറത്തുചാടി മുതലകൾ

Saturday 13 July 2024 7:13 AM IST

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ റ്റാമോലിപാസ് സംസ്ഥാനത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടെയിൽ ജനവാസ മേഖലയിലേക്കിറങ്ങിയത് 200 ഓളം മുതലകൾ. അടുത്തിടെ വീശിയടിച്ച ബെറിൽ ചുഴലിക്കാറ്റും ഉഷ്ണമേഖലാ കൊടുങ്കാറ്റായ ആൽബർട്ടോയും മൂലം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ മെക്സിക്കോയിൽ പെയ്തത്. വടക്കൻ മെക്സിക്കോയിലെ റ്റാമോലിപാസ് യു.എസിലെ ടെക്സസ് സംസ്ഥാനത്തോട് ചേർന്നാണുള്ളത്.

ജൂണിലാണ് ആൽബർട്ടോ മെക്സിക്കോയിലെത്തിയത്. അന്ന് മുതൽ മുതലകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയതായി അഗ്നിരക്ഷാ സേനാംഗങ്ങൾ പറയുന്നു. കനത്ത മഴയ്ക്കിടെ ജലാശയങ്ങൾ നിറഞ്ഞ് കവിഞ്ഞതോടെയാണ് മുതലകൾ പുറത്തുചാടിയത്.

ടാംപികോ, ആൾട്ടമിറ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പിടികൂടിയ മുതലകളെ അധികൃതർ ജനവാസ മേഖലയ്ക്ക് പുറത്തുള്ള സുരക്ഷിതമായ ജലാശയങ്ങളിലേക്ക് തിരികെവിട്ടു. മേഖലയിലെ തടാകങ്ങൾ മിക്കതും മുതലകളുടെ ആവാസ കേന്ദ്രമാണ്. നഗര പ്രദേശങ്ങളിൽ മുതലകളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മെക്സിക്കോയിൽ സംരക്ഷിത സ്പീഷീസുകളുടെ പട്ടികയിലാണ് മുതലകൾ.

Advertisement
Advertisement