അവിശ്വാസ വോട്ടിൽ പരാജയം -- നേപ്പാളിൽ പ്രചണ്ഡ വീണു ; ശർമ്മ ഒലി പ്രധാനമന്ത്രിയാകും

Saturday 13 July 2024 7:13 AM IST

കാഠ്മണ്ഡു : നേപ്പാളിൽ അവിശ്വാസ വോട്ടിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ (69) സർക്കാർ നിലംപതിച്ചു. സി.പി.എൻ - യു.എം.എൽ നേതാവ് കെ.പി. ശർമ്മ ഒലി പുതിയ പ്രധാനമന്ത്രിയാകും. പ്രതിപക്ഷ നേപ്പാളി കോൺഗ്രസിന്റെ പിന്തുണ ഒലിക്കുണ്ട്. ഒലിയും, നേപ്പാളി കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹദൂർ ദ്യൂബയും 18 മാസം വീതം പ്രധാനമന്ത്രി പദം പങ്കിടും. 2027ലാണ് പൊതു തിരഞ്ഞെടുപ്പ്. ഒലിയുടെ പാർട്ടി ഭരണ സഖ്യം വിട്ടതോടെയാണ് പ്രചണ്ഡ വീണത്.

275 അംഗ പാർലമെന്റിൽ 63 പേർ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 2022 ഡിസംബർ 26ന് അധികാരത്തിലെത്തിയ ശേഷം സി.പി.എൻ - മാവോയിസ്റ്റ് സെന്റർ നേതാവായ പ്രചണ്ഡ നേരിട്ട അഞ്ചാമത്തെ അവിശ്വാസ വോട്ടാണിത്.

ഒലിയുടേതടക്കം ആറ് പാർട്ടികളുടെ പിന്തുണയോടെയാണ് പ്രചണ്ഡ അധികാരത്തിലെത്തിയത്. ഭിന്നതകളിൽ കക്ഷികൾ ക്രമേണ സഖ്യം വിട്ടു. ഒടുവിൽ സി.പി.എൻ - യൂണിഫൈഡ് സോഷ്യലിസ്റ്റുകൾ മാത്രം ശേഷിച്ചു.

1996 മുതൽ മാവോയിസ്​റ്റ് സായുധ സമരങ്ങൾ നയിച്ചിരുന്ന പ്രചണ്ഡ 2006ൽ സമാധാന ഉടമ്പടി ഒപ്പുവച്ച് രാഷ്ട്രീയത്തിൽ എത്തുകയായിരുന്നു. 2008ലും 2016ലും പ്രധാനമന്ത്രിയായി.

ഒലി ചൈനീസ് അനുഭാവി

ചൈനീസ് അനുഭാവിയായ ശർമ്മ ഒലിക്ക് ഇന്ത്യാ വിരുദ്ധ നിലപാടാണ്. അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി തർക്കമുള്ള കാലാപാനി, ലിപുലെക്, ലിംപിയാദുര പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്ന് ഒലി മുമ്പ് പറഞ്ഞിരുന്നു. 2020ൽ ഒലി പ്രധാനമന്ത്രിയായിരിക്കെ ഈ പ്രദേശങ്ങൾ ഉൾപ്പടുത്തി നേപ്പാൾ ഭൂപടമിറക്കിയത് വിവാദമായി.

 ആടിയുലഞ്ഞ്..

 2022 നവംബറിൽ തിരഞ്ഞെടുപ്പ്. ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലെ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നു പ്രചണ്ഡ. സഖ്യം 136 സീറ്റുകൾ നേടി. ഭൂരിപക്ഷം (138 സീറ്റ്) തികച്ചില്ല

 പ്രചണ്ഡ ഒലിയുടെ പ്രതിപക്ഷ സഖ്യവുമായി കൈകോർത്തു. ഏഴ് പാർട്ടികളടങ്ങിയ സർക്കാർ രൂപീകരിച്ചു

 2023 ജനുവരി 10ന് ആദ്യ അവിശ്വാസ വോട്ട്. 99 ശതമാനം പിന്തുണയോടെ പ്രചണ്ഡ ജയിച്ചു

 പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രചണ്ഡ പിന്തുണച്ചെന്ന പേരിൽ ഒലി സർക്കാർ വിട്ടതോടെ മാർച്ചിൽ രണ്ടാമത്തെ വോട്ട്. ഒലിയുടെ പാർട്ടിയായിരുന്നു (78 സീറ്റ്) സഖ്യത്തിലെ വലിയ കക്ഷി. പ്രചണ്ഡയുടെ പാർട്ടിക്ക് 32 സീറ്റുകൾ മാത്രം. ദ്യൂബയുടെ നേപ്പാളി കോൺഗ്രസിന്റെ (89 സീറ്റ്)​ സഹായത്തോടെ പ്രചണ്ഡ വോട്ട് ജയിച്ചു

 ഇക്കൊല്ലം മാർച്ച് 13നും മേയ് 20നും വീണ്ടും വോട്ടുകൾ. നേപ്പാളി കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് പ്രചണ്ഡ വീണ്ടും ഒലിയുമായും മറ്റ് ചെറു പാർട്ടികളുമായും കൈകോർത്തു

 ജൂലായ് 1ന് പ്രചണ്ഡയെ വീഴ്ത്തി സർക്കാർ രൂപീകരിക്കാൻ ഒലി-ദ്യൂബ ധാരണ

Advertisement
Advertisement