'ശനിയാഴ്ചകളിൽ ഉഗ്രവിഷമുളള പാമ്പ് കടിക്കും, വെറും ഒറ്റ ദിവസം കൊണ്ട് സുഖം പ്രാപിക്കും'; വെളിപ്പെടുത്തി യുവാവ്

Saturday 13 July 2024 11:41 AM IST

ഫത്തേഹ്പൂർ: 40 ദിവസങ്ങൾക്കിടെ ഏഴോളം തവണ ഉഗ്രവിഷമുളള പാമ്പിന്റെ കടിയേ​റ്റെന്ന് വെളിപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫത്തേഹ്പൂർ സ്വദേശിയായ വികാസ് ദുബെ എന്ന 24കാരനാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്. നിരന്തരമായി യുവാവിന് പാമ്പ് കടിയേൽക്കുന്നതിനാൽ ചികിത്സാ സഹായത്തിനായി അഭ്യർത്ഥിച്ചെത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് നയൻ ഗിരി മാദ്ധ്യമങ്ങളെ അറിയിച്ചു.

'ചികിത്സയ്ക്കായി തനിക്ക് ധാരാളം പണം ചെലവാകുന്നുണ്ടെന്ന സങ്കടം വികാസ് കളക്ടറേ​റ്റിൽ എത്തി അറിയിച്ചെന്നും സാമ്പത്തിക സഹായം അനുവദിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. യുവാവിനോട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ ഉപദേശിച്ചു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ആന്റിവെനം ലഭ്യമാകുന്നതാണ്. വികാസിനെ എല്ലാ ശനിയാഴ്ചകളിലും പാമ്പ് കടിയേൽക്കുന്നുണ്ട്. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. യുവാവിനെ കടിക്കുന്നത് പാമ്പാണോയെന്ന് ഇനിയും സ്ഥിരീകരിക്കാനുണ്ട്.

ചികിത്സിക്കുന്ന ഡോക്ടറുടെ പക്കൽ നിന്നും കൂടുതൽ വിവരങ്ങളും തേടണം.എല്ലാ ശനിയാഴ്ചകളിലും ഒരാൾക്ക് പാമ്പ് കടിയേൽക്കുന്നതും ഒരു ആശുപത്രിയിൽ തന്നെ ചികിത്സയ്‌ക്കെത്തുന്നതും വെറും ഒ​റ്റ ദിവസം കൊണ്ട് സുഖം പ്രാപിക്കുന്നതും വിചിത്രമായി തോന്നുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യഥാർത്ഥ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുളളൂ'- ഗിരി വ്യക്തമാക്കി.

Advertisement
Advertisement