പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിത്, സത്യം തന്റെ അമ്മയേയും മകനേയും ബോദ്ധ്യപ്പെടുത്തുമെന്ന് പ്രമോദ് കോട്ടൂളി

Saturday 13 July 2024 6:02 PM IST

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ പാർട്ടി നടപടി നേരിട്ടതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നിൽ സമരമിരുന്ന് സി.പി.എം മുൻ നേതാവ് പ്രമോദ് കോട്ടൂളിയും അമ്മയും. സത്യം തന്റെ അമ്മയേയും മകനേയും ബോദ്ധ്യപ്പെടുത്തണം. പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പ്രമോദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് പരാതിക്കാരനായ ശ്രീജിത്ത് പറയണം. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്നും പ്രമോദ് കൂട്ടിച്ചേർത്തു.

‘ഞാൻ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ആരോപണം. ഞാൻ റിയൽ എസ്റ്റേറ്റ് മാഫിയയെന്നാണ് പറയുന്നത്. കോഴിക്കോട് നഗരത്തിൽ ഞാൻ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ അത് ഈ പറയുന്നവർ എന്നെ ബോദ്ധ്യപ്പെടുത്തണം. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എന്റെ അമ്മയെ ബോദ്ധ്യപ്പെടുത്തണം. മകനായതിനുശേഷമാണ് ഞാൻ സഖാവായത്. 22 ലക്ഷം രൂപ കോഴ ഞാൻ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവുതരണം. എന്നെ ഇതിനകത്തുകൊണ്ടുപോയി ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി തുടങ്ങിയ കാര്യങ്ങൾ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം’’–പ്രമോദ് പറഞ്ഞു.

ഇത്രകാലമായി ഞാൻ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞാനൊരു മോശം വ്യക്തിയാണോ? ഇത്തരത്തിൽ ഒരു മാഫിയ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരാവാദിത്വം എനിക്കുണ്ട്. ജീവിച്ച ചുറ്റുപാടിൽ ഈ മേൽവിലാസം പകർന്നുതന്നത് ആരെന്ന് അറിയണം. ആരെയും വെല്ലുവിളിക്കുന്നില്ല. പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ മോശപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രമോദ് പറഞ്ഞു.

വക്കീലിനെ ഒന്നും വയ്ക്കാന്‍ പറ്റിയ ഒരാളല്ല ഞാൻ. ഇവിടെ മാഫിയകളും റിയല്‍ എസ്റ്റേറ്റുമുണ്ടാകും. എന്നാല്‍, ഇതൊന്നും ചെയ്യാത്ത ആളെ ഇതിനകത്ത് കൊണ്ടുചെന്നെത്തിച്ച് കള്ളനാക്കരുത്. പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിത്.

എന്റെ അളിയന്റെ സുഹൃത്തായിട്ടാണ് ശ്രീജിത്ത് എന്റെ അടുത്ത് വരുന്നത്. ആരാണ് പണംവാങ്ങിയതെന്ന് അയാള്‍ എന്നോട് പറഞ്ഞില്ല. എന്റെ രക്ഷിതാവ് എന്റെ പാര്‍ട്ടിയാണ്. ആ സ്ഥാനത്തുള്ള ഒരാള്‍ എന്നോട് ശ്രീജിത്തുമായി ബന്ധപ്പെടേണ്ടെന്ന് പറഞ്ഞു. ആരേയും ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ആളല്ല. പണം കൊടുത്തിട്ടുണ്ടോ എന്ന് ശ്രീജിത്ത് പറയാനാണ് ഇവിടെ സമരം ഇരിക്കുന്നത്', പ്രമോദ് പറഞ്ഞു.

കോഴ വിവാദത്തിൽ സിപിഎം പുറത്താക്കിയതിന് പിന്നാലെയായിരുന്നു പ്രമോദിന്റെ പ്രതികരണം. പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കുന്നത് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രമോദ് കോട്ടൂളിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.

ജില്ലാ കമ്മറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തതെന്നാണ് വിവരം.

Advertisement
Advertisement