അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന് യാത്രക്കാർ

Sunday 14 July 2024 1:55 AM IST

ആറ്റിങ്ങൽ: തീരദേശ മേഖലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അകത്തുമുറി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്ക് കുറവില്ല. എട്ടിലധികം ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നിടത്ത് നാലായി ചുരുങ്ങി. യാത്രക്കാർക്ക് ഏറെ സഹായകമാകുന്ന അകത്തുമുറി സ്റ്റേഷനിൽ സ്റ്റോപ്പുകൾ കുറഞ്ഞതോടെ യാത്രക്കാർ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ട്രെയിനുകളുടെ സ്റ്റോപ്പ് കുറഞ്ഞതോടെ റേയിൽവേ സ്റ്റേഷൻ യാത്രക്കാരിൽ നിന്നും അകന്നുകഴിഞ്ഞു. അകത്തുമുറി റെയിൽവേ ലൈൻ ഉയരത്തിലായതിനാൽ ഇവിടെ അണ്ടർ പാസേജ് വേണമെന്ന ആവശ്യവും ശക്തമാണ്.

 ആശ്രയം മറ്റ് സ്റ്റേഷനുകൾ

അകത്തുമുറിയിൽ നിന്ന് വരുമാനം വളരെ കുറവെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ യാത്രക്കാരുടെ എണ്ണത്തിന് കുറവില്ലെന്ന് യാത്രക്കാർ തന്നെ പറയുന്നു. രാവിലെ 8.30 ന് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ളതും ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം - കൊല്ലം ട്രെയിനും വൈകിട്ട് 6.30 ന് കൊല്ലം - തിരുവനന്തപുരം - മഥുര എക്സ്‌പ്രസിനും മുമ്പ് സ്റ്റോപ്പുണ്ടായിരുന്നു. അന്ന് ടിക്കറ്റ് കളക്ഷനും ഉണ്ടായിരുന്നു. യാത്രക്കാരുടെ യാത്രാസമയങ്ങളിൽ ട്രെയിൻ സർവീസ് ഇല്ലാതെവന്നതോടെ യാത്രക്കാർ വർക്കല, കടയ്ക്കാവൂർ സ്റ്റേഷനുകളെ ആശ്രയിക്കാനും തുടങ്ങി.

 പദ്ധതി ഫയലിൽ

ഭൂവിസ്തൃതിയിൽ സമീപ റെയിൽവേ സ്റ്റേഷനുകളെക്കാൾ മുന്നിലാണ് അകത്തുമുറി. സ്റ്റേഷൻ പരിധിയിലുള്ള ഇരുപത് ഏക്കറോളം വരുന്ന റെയിൽവേഭൂമി ഇന്ന് കാടുകയറിയ നിലയിലാണ്. സ്ഥല വിസ്തൃതി പരിഗണിച്ച് റെയിൽവേ എഫ്.സി.ഐ ഗോഡൗൺ അടക്കമുള്ള പാർക്കിംഗ്, മെയിന്റനൻസ് സംവിധാനം ഒരുക്കാൻ നീക്കം നടത്തിരുന്നു. അകത്തുമുറിയുടെ വികസനത്തിനായി റെയിൽവേ തയ്യാറാക്കിയ പദ്ധതികൾ എല്ലാം ഒടുവിൽ ഫയലിൽ ഒതുങ്ങി.

സ്റ്റോപ്പുള്ളത്

1. രാവിലെ 7.30 ന് കൊല്ലം - തിരുവനന്തപുരം ഷട്ടിൽ

2. രാവിലെ 10.25 ന് കന്യാകുമാരി മെമു

3. വൈകിട്ട് 3.50 പുനലൂർ - മഥുരെ പാസഞ്ചർ

4. രാത്രി 7.15 ന് തിരുവനന്തപുരം - പുനലൂർ ഷട്ടിൽ

5. രാത്രി 8.30 ന് കന്യാകുമാരി - കൊല്ലം മെമു

Advertisement
Advertisement