നീതി ആയോഗ് സുസ്ഥിര വികസന സൂചിക: ഒന്നാം സ്ഥാനം നിലനിറുത്തി കേരളം

Sunday 14 July 2024 4:55 AM IST

ന്യൂഡൽഹി: ദാരിദ്ര്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങി 16 വികസന മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും(2023-2024) ഒന്നാം സ്ഥാനം നിലനിറുത്തി. കേരളത്തിനും ഉത്തരാഖണ്ഡിനും 79 പോയിന്റ് വീതം ലഭിച്ചു.

78 പോയിന്റുള്ള തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. 51 പോയിന്റുമായി ബിഹാർ ഏറ്റവും പിന്നിൽ. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡിഗഡ് ആണ് ഒന്നാമത്(77).

ദേശീയ ശരാശരിയായ 71 പോയിന്റിന് മുകളിൽ ഗോവ, ഹിമാചൽ പ്രദേശ്(77), പഞ്ചാബ്, സിക്കിം(76), കർണാടക(75), ഗുജറാത്ത്, ആന്ധ്ര, തെലങ്കാന(74), മഹാരാഷ്‌ട്ര(73), മിസോറാം, ഹരിയാന, മണിപ്പൂർ(72), ത്രിപുര(71) എന്നീ സംസ്ഥാനങ്ങളുമെത്തി.

വിദ്യാഭ്യാസം, ലിംഗസമത്വം, പട്ടിണി ഇല്ലാതാക്കൽ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ മുന്നിലുള്ള കേരളം ഉത്തരവാദിത്വമുള്ള ഉപഭോഗവും ഉത്പാദനവും എന്ന മേഖലയിൽ പിന്നിലാണ്.

Advertisement
Advertisement