ഉപതിരഞ്ഞെടുപ്പിൽ 'ഇന്ത്യ' തരംഗം, # 13 സീറ്റിൽ 10 നേടി

Sunday 14 July 2024 4:49 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' സഖ്യം 10 സീറ്റിൽ ജയിച്ചപ്പോൾ കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന ബി.ജെ.പി രണ്ടിലൊതുങ്ങി. ഒരു സീറ്റ് സ്വതന്ത്രന്.

പശ്‌ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിൺ, ബാഗ്‌ദ, മണിക്തല എന്നീ നാലു സീറ്റും നേടി തൃണമൂൽ കോൺഗ്രസ് ആധിപത്യം തുടർന്നു.

ഹിമാചൽ പ്രദേശിലെ മൂന്നിൽ രണ്ടിടത്താണ് കോൺഗ്രസ് ജയം.ഡെഹ്‌റയിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറും നലഗഡിൽ ഹർദീപ് സിംഗ് ബാവയുമാണ് ജയിച്ചത്.ഉത്തരാഖണ്ഡിലെ ബദരീനാഥിൽ കോൺഗ്രസിന്റെ ലഖാ പത് സിംഗും മംഗലൗറിൽ കോൺഗ്രസിന്റെ ക്വാസിമുഹമ്മദും ജയിച്ചു. കോൺഗ്രസിന് മാത്രമായി മൊത്തം ലഭിച്ചത് നാലു സീറ്റുകൾ . പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഭഗത്തും തമിഴ്‌നാട്ടിലെ വിക്രവണ്ടിയിൽ ഡി.എം.കെയുടെ അന്നിയൂർ ശിവയും ജയിച്ചു. ഇങ്ങനെയാണ് ഇന്ത്യ മുന്നണിക്ക് പത്തു സീറ്റായത്.

ഹിമാചൽ പ്രദേശിലെ

ഹാമിർപൂരിലും മദ്ധ്യപ്രദേശിലെ അമർവാറിലുമാണ് ബി.ജെ.പി ജയിച്ചത്. ആശിഷ് ശർമ്മയും കംലേഷ് പ്രതാപ് ഷാഹിയുമാണ് ജേതാക്കൾ.അമർവാർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

ബിഹാറിലെ റുപൗലിയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് ജയിച്ചത്. ജെ.ഡി.യുവിനെയാണ് പരാജയപ്പെടുത്തിയത്. ജലന്ധറിൽ ആംആദ്‌മിപാർട്ടിക്കെതിരെ മത്സരിച്ച കോൺഗ്രസ് മൂന്നാമതായി.

ഹിമാചലിൽ

കോൺഗ്രസ്

ആധിപത്യം

ആറ് കോൺഗ്രസ് വിമതൻമാരുടെയും മൂന്ന് സ്വതന്ത്രൻമാരുടെയും രാജിയിലൂടെ പ്രതിസന്ധിയിലായിരുന്ന സുഖു സർക്കാർ ഇന്നലത്തെ ഫലത്തോടെ പഴയ 40 സീറ്റിലേക്ക് (2022 നിയമസഭാ തിരഞ്ഞെടുപ്പ്) തിരിച്ചെത്തി. 60 അംഗ നിയമസഭയിൽ പൊതുതിരഞ്ഞെടുപ്പിനൊപ്പം ആറു സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്ത് കോൺഗ്രസ് ജയിച്ചിരുന്നു.

Advertisement
Advertisement