വർദ്ധിക്കുന്ന ആത്മഹത്യകൾ

Sunday 14 July 2024 2:51 AM IST

കേരളത്തിലെ സാമൂഹ്യ ജീവിതത്തിന്റെ നേർക്ക് ഒരു വലിയ ചോദ്യചിഹ്നമായി മാറുകയാണ് ആത്മഹത്യ ചെയ്യുന്നവരുടെ വർദ്ധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 36,213 പേരാണ് ഇവിടെ ജീവനൊടുക്കിയത്. ഇതിൽ 21,476 പുരുഷന്മാരും 5,585 സ്ത്രീകളും ഉൾപ്പെടുന്നു. 485 പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കണക്കാണിത്. 81 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടില്ല. 2022-ലെ നാഷണൽ ക്രൈം റെക്കാർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ആത്മഹത്യയുടെ എണ്ണത്തിൽ കേരളത്തിന് ഇന്ത്യയിൽ നാലാം സ്ഥാനമാണ്.

ആത്മഹത്യ ചെയ്യുന്നതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും ഏറ്റവും പ്രധാന പ്രശ്നം സാമ്പത്തിക പ്രയാസങ്ങളാണ്. സാമ്പത്തിക പരാധീനത കാരണം കുടുംബത്തോടെ ജീവനൊടുക്കുന്ന പ്രവണതകളും വർദ്ധിച്ചുവരികയാണ്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കുറവല്ല.

ആത്മഹത്യകളെ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പിന്റെ ബോധവത്‌കരണവും കൗൺസലിംഗ് കേന്ദ്രങ്ങളും മറ്റും പ്രവർത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നതാണ് വർദ്ധിച്ചുവരുന്ന ആത്മഹത്യാ നിരക്ക് വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള മനോവിക്ഷോഭത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയും ആത്മഹത്യകൾ സംഭവിക്കുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുന്നതിന്റെ പേരിലും ഇവിടെ കുട്ടികൾ ആത്മഹത്യ ചെയ്യാറുണ്ട്. ജീവനൊടുക്കുന്ന സ്‌ത്രീകളിൽ അറുപതു ശതമാനവും വീട്ടമ്മമാരാണ്. ദാമ്പത്യബന്ധത്തിലെ അപസ്വരങ്ങളും അവിഹിത ബന്ധങ്ങളും ആത്മഹത്യയ്ക്കിടയാക്കുന്ന കാരണങ്ങളാണ്. വിദ്യാഭ്യാസത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ച ഡോക്ടർമാരും ഐ.ടി പ്രൊഫഷണലുകളും വരെ ആത്മഹത്യ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. അതേസമയം കൂലിപ്പണിക്കാരും ഈ പട്ടികയിലുണ്ട്. ഡിപ്രഷൻ തുടങ്ങിയ മനോരോഗങ്ങളും കേരളത്തിൽ കൂടിവരികയാണ്. ഇത്തരം രോഗമുള്ളവരിൽ ആത്മഹത്യാ പ്രവണത കൂടുതലായിരിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

തുറന്ന് സംസാരിക്കാനും ഇടപെടാനും കഴിയാതെ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നവരിലാണ് ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തകൾ സാധാരണ ഉടലെടുക്കുന്നത്. ഇങ്ങനെ ഒറ്റപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നത് ഒരിക്കലും ആശ്വാസകരമല്ല. സർക്കാരിന്റെയും വ്യക്തികളുടെയും കൂട്ടായ്‌മകളുടെയും മറ്റും തലത്തിൽ ആത്മഹത്യകളെ പ്രതിരോധിക്കാൻ നവീനമായ എന്തെല്ലാം പദ്ധതികളും നടപടികളും സ്വീകരിക്കാനാവുമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കേണ്ടതുണ്ട്.

കേരളത്തിൽ നടക്കുന്ന ആത്മഹത്യകളെക്കുറിച്ച് കൃത്യമായ ഒരു ഡാറ്റയാണ് ഇതിന് ആദ്യം വേണ്ടത്. ഇത് സർക്കാർ മുൻകൈയെടുത്ത് തയാറാക്കേണ്ടതാണ്. വിവിധ തരത്തിലുള്ള ആത്മഹത്യകളെക്കുറിച്ചും അതിനിടയാക്കിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക വിദഗ്ദ്ധ സമിതിയെ തന്നെ നിയോഗിക്കണം. അതുപോലെ തന്നെ ആത്മഹത്യയ്ക്കെതിരെ മതങ്ങൾക്കും അവരവരുടെ സമുദായങ്ങൾക്കിടയിൽ കൃത്യമായ ബോധവത്‌കരണം നടത്താനാവും. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് മാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റുള്ള വഴികളെല്ലാം അടഞ്ഞതായുള്ള ഒരാളിന്റെ തോന്നലും ഭാവനയും മറ്റുമാണ് പലപ്പോഴും ജീവനൊടുക്കുന്നതിലേക്ക് നയിക്കുന്നത്. ചെറുപ്പത്തിലേ ഇത്തരം ചിന്തകളെ ഇല്ലാതാക്കുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വലിയ പങ്ക് വഹിക്കാൻ കഴിയും.

മാതാപിതാക്കളോടു പോലും വെളിപ്പെടുത്താൻ മടിക്കുന്ന കാര്യങ്ങൾ സ്‌നേഹത്തോടെ സമീപിക്കുന്ന അദ്ധ്യാപകരോട് കുട്ടികൾ പറയാറുണ്ട്. അതിനുള്ള അവസരം ഒരുക്കുന്ന കൂടിക്കാഴ്ചകൾ സ്‌കൂൾ തലത്തിൽ തുടർച്ചയായി സംഘടിപ്പിക്കേണ്ടതും ആവശ്യമാണ്.

ആരോഗ്യപരമായ കാരണങ്ങളാൽ പഴയ കാലത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ അടുത്തകാലത്തായി ഇത്തരം ആത്മഹത്യകളും കൂടിയിരിക്കുന്നു. ചികിത്സക്കുള്ള സാമ്പത്തിക ബാദ്ധ്യതകളും ഇടത്തരക്കാരെ ഭീതിപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും നെഗറ്റീവായുള്ള കാര്യങ്ങളുടെ സോഷ്യൽ മീഡിയയിലും സൈബർ ലോകത്തിലൂടെയുമുള്ള പ്രചാരണവും കൂടിവരുന്നതും ചെറുപ്പക്കാരെ ഇത്തരം ചിന്തകളിലേക്ക് നയിക്കാനും കാരണമാകുന്നില്ലെന്ന് പറയാനാവില്ല.

വികസനത്തിനും പുരോഗതിക്കുമൊപ്പം ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതും അനിവാര്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മറ്റെല്ലാ നേട്ടങ്ങളും അപ്രസക്തമാകും. അതിനായി എന്ത് ചെയ്യാനാവുമെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാർ ആലോചിച്ച് തുടങ്ങണം.

Advertisement
Advertisement