ക്രമസമാധാനം അടക്കം വിഷയങ്ങൾ ജമ്മുകാശ്‌മീരി​ൽ ലെഫ്. ഗവർണർക്ക് കൂടുതൽ അധി​കാരം

Sunday 14 July 2024 2:28 AM IST

ന്യൂഡൽഹി: ജമ്മു കാശ്‌മീരി​ൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധി​കാരം നൽകിക്കൊണ്ട് ജമ്മുകാശ്‌മീർ പുനഃസംഘടനാ നി​യമത്തി​ൽ വരുത്തി​യ മാറ്റങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്റാലയം വി​ജ്ഞാപനം ചെയ്‌ത് നടപ്പാക്കി.

പൊതുതി​രഞ്ഞെടുപ്പി​ന് മുൻപ് പാർലമെന്റി​ൽ ഇതു സംബന്ധി​ച്ച ബിൽ പാസാക്കി​യി​രുന്നു.

2024ലെ ജമ്മു കാശ്മീർ കേന്ദ്ര പ്രദേശ ചട്ട ഭേദഗതി​ പ്രകാരം പൊലീസ്, ക്രമസമാധാനം, സിവിൽ സർവീസ്, അഴിമതി വിരുദ്ധ ബ്യൂറോ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ സമ്മതം ഒഴിവാക്കി നേരിട്ട് ലെഫ്. ഗവർണറുടെ കീഴിലാക്കി.

അഡ്വക്കേറ്റ് ജനറലിനെയും മറ്റ് ലോ ഓഫീസർമാരെയും നിയമനം ലെഫ്റ്റനന്റ് ഗവർണർ നേരിട്ട് നടത്തും. പ്രോസിക്യൂഷൻ അനുമതി നൽകൽ, നിരസിക്കൽ, സർക്കാരിനെതിരായ കേസുകളിൽ അപ്പീൽ ഫയൽ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ, ജയിലുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരിട്ട് ലെഫ്റ്റനന്റ് ഗവർണർ കൈകാര്യം ചെയ്യും. കൂടാതെ, അഖിലേന്ത്യാ സിവിൽ സർവീസ് ഓഫീസർമാർ, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർ, കേഡർ തസ്തികകൾ എന്നിവയിലെ നിയമനവും സ്ഥലമാറ്റവും ഗവർണുടെ നിയന്ത്രണത്തിലാണ്.

പ്രതിഷേധവുമായി പ്രതിപക്ഷം

ഗവർണർക്ക് കൂടുതൽ അധികാരം നൽകിയ നീക്കം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള
ബി.ജെ.പിയുടെ രാഷ്‌‌ട്രീയ നീക്കമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. പൊലീസിന്റെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും മേൽ അധികാരമുറിപ്പിക്കാനുള്ള നീക്കം ദോഷം ചെയ്യുമെന്നും ജമ്മുകാശ്മീർ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയും റബർ സ്റ്റാമ്പ് ആക്കാനുള്ള നീക്കമാണെന്ന് അപ്‌നി പാർട്ടി മേധാവി അൽത്താഫ് ബുഖാരി അദ്ദേഹം ആരോപിച്ചു. നീക്കം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് ജമ്മുകാശ്‌മീർ പി.സി.സി അദ്ധ്യക്ഷൻ വികാർ റസൂൽ വാണിയും പറഞ്ഞു.

ഡൽഹിയിലേതു പോലെ നിയമസഭയുണ്ടായാലും നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കൈയിൽ തുടരുമെന്നാണ് പ്രതിപക്ഷ നേതാക്കൾ നൽകുന്ന സൂചന പ്രകാരം. സമ്പൂർണ സംസ്ഥാന പദവി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്‌ദാനം വെറുവാക്കാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement