15 ദിവസമായി കുടിവെള്ളമില്ല കുളത്തൂർ - ആറ്റിപ്ര നിവാസികൾക്ക് ദുരിതജീവിതം

Sunday 14 July 2024 3:34 AM IST

കുളത്തൂർ: കുളത്തൂർ - ആറ്റിപ്ര പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി 15 ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിട്ടി. ഐ.ടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കുളത്തൂർ,പുല്ലുകാട്,കുഴിവിള,കരിമണൽ,ആറ്റിപ്ര പ്രദേശങ്ങളിലാണ് വാട്ടർ അതോറിട്ടിയുടെ ജലവിതരണം പാടെ നിലച്ചത്. കുടിവെള്ളം മുടങ്ങിയതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. പ്രദേശത്ത് തുടർച്ചയായി കുടിവെള്ളവിതരണം മുടങ്ങുന്നത് പതിവാണ്.പ്രാഥമിക ആവശ്യമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ജനങ്ങളുടെ നിരന്തര അഭ്യർത്ഥന പാേലും കണക്കിലെടുക്കാത്ത ജലഅതോറിട്ടിയുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.

ഒടുവിൽ ജനങ്ങൾ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങളും തുടങ്ങി. വാട്ടർ അതോറിട്ടി ജീവനക്കാരുടെ നിരുത്തരവാദ നടപടിയെ തുടർന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാരും മറ്റ് ജനപ്രതിനിധികളും വാട്ടർ അതോറിട്ടി ചീഫ് എൻജിനിയറുടെ ഓഫീസ് കഴിഞ്ഞ ദിവസം ഉപരോധിച്ചു. അടുത്ത ദിവസം ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായി.

വെള്ളം മുടങ്ങാൻ കാരണം

മൺവിളയിലെ വാട്ടർ ടാങ്കിൽ വെള്ളം എത്തിക്കുന്ന പൈപ്പിൽ ഇടവക്കോട് ഭാഗത്തെ ചോർച്ചയാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് ജലഅതോറിട്ടി അധികൃതർ പറയുന്നത്.എന്നാൽ കുടിവെള്ളം വിതരണം നടത്തുന്ന പ്രധാന പൈപ്പുകളിൽ ചോർച്ച കണ്ടെത്തിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ തകരാർ പരിഹരിച്ച് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാതെ മന്ദഗതിയിൽ പണികൾ നടത്തുന്നതാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

പണം കൊടുത്ത് വാങ്ങണം

ആയിരക്കണക്കിന് പ്രദേശവാസികളെ കൂടാതെ ഇവിടെ താമസിക്കുന്ന നൂറുക്കണക്കിന് ഐ.ടി ജീവനക്കാരും കഴിഞ്ഞ 15 ദിവസമായി വെള്ളത്തിനായി നെട്ടോട്ടത്തിലാണ്.പലരും കുപ്പിവെള്ളവും മറ്റും വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്.ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും മറ്റിടങ്ങളിൽ നിന്ന് വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് ഓരോ ദിവസവും പ്രവർത്തിക്കുന്നത്.

Advertisement
Advertisement