മാദ്ധ്യമങ്ങൾ മിണ്ടാപ്രാണികൾ അല്ലെന്ന് പ്രധാനമന്ത്രി

Sunday 14 July 2024 2:46 AM IST

ന്യൂഡൽഹി: മാദ്ധ്യമങ്ങൾ മിണ്ടാപ്രാണികളല്ലെന്നും രാഷ്ട്രങ്ങളുടെ മാറ്റങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളുടെ പ്രവർത്തനത്തെ ആശ്രയിച്ചാണ് രാജ്യ പുരോഗതി.

ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) മുംബയ് ബാന്ദ്ര കുർള കോംപ്ലക്‌സിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ വരാൻപോകുന്ന 25 വർഷത്തെ വികസന യാത്രയിൽ പത്രങ്ങളുടെയും മാസികകളുടെയും പങ്ക് വലുതാണ്. ഗൗരവമേറിയ വിഷയങ്ങളുടെ ചർച്ചയ്‌ക്കും പൗരന്റെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മാദ്ധ്യമങ്ങൾ വേണം. ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വൻ വിജയമാകുന്നതിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.

സർക്കാർ പരിപാടികൾ മുന്നോട്ടു കൊണ്ടുപോകാനും നയങ്ങൾ വിജയിപ്പിക്കാനും മാദ്ധ്യമങ്ങളുടെ സഹായം വേണം. ടൂറിസം പ്രോത്സാഹിപ്പിക്കാൻ പത്രങ്ങൾക്ക് ഒരു മാസം തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

എ.ഐ, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്ത്യൻ മാദ്ധ്യമങ്ങൾ ആഗോളതലത്തിലെത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.

സ്വാതന്ത്ര്യത്തിന് മുൻപ് രൂപീകരിച്ച ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ഇന്ത്യയുടെ ഉയർച്ച താഴ്ചകളുടെ സാക്ഷിയും ജനങ്ങളുമായി ആശയവിനിമയം ചെയ്യുന്ന സംഘടനയുമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ തീരുമാനങ്ങൾ മാദ്ധ്യമങ്ങൾക്ക് ദിശാബോധം നൽകുന്നു.

മഹാരാഷ്ട്ര ഗവർണർ രമേഷ് ബായിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ, ഐ.എൻ.എസ് പ്രസിഡന്റ് രാകേഷ് ശർമ്മ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement