ഹമാസ് തലവനെ ലക്ഷ്യമിട്ട് ഇസ്രയേൽ,​ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു

Sunday 14 July 2024 6:57 AM IST

ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ സൈനിക തലവനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പാലസ്തീനികൾ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസി മേഖലയിലായിരുന്നു ആക്രമണം. ഹമാസിന്റെ സൈനിക വിഭാഗമായ അൽ - ഖാസം ബ്രിഗേഡിന്റെ മേധാവി മുഹമ്മദ് ദെയ്ഫ് ഇവിടെ ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ അറിയിച്ചു. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു. ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫാ സലാമേഹ് കൊല്ലപ്പെട്ടു. ഇസ്രയേൽ സുരക്ഷിതമെന്ന് പ്രഖ്യാപിച്ചിരുന്ന മേഖലയാണിത്. പൗരന്മാരെ ലക്ഷ്യമിട്ടില്ലെന്നാണ് ഇസ്രയേൽ പറയുന്നത്. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നാണ് ദെയ്ഫ്. ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ

ഏഴ് വധശ്രമങ്ങളാണ് അതിജീവിച്ചത്. ബോംബ് നിർമ്മാണ വിദഗ്ദ്ധനായ ഇയാൾ നിരവധി ഇസ്രയേലികളെ ചാവേർ ആക്രമണങ്ങളിൽ കൊലപ്പെടുത്തി.

അതിനിടെ, ഇന്നലെ ഉച്ചയ്ക്ക് ഗാസ സിറ്റിയിൽ ഷാതി അഭയാർത്ഥി ക്യാമ്പിലെ പ്രാർത്ഥനാ ഹാളിലുണ്ടായ ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഇത് ഈജിപ്റ്റിലെ കയ്റോയിലും ഖത്തറിലെ ദോഹയിലും തുടരുന്ന വെടിനിറുത്തൽ ചർച്ചകളെ ബാധിച്ചേക്കും. ഇസ്രയേൽ വെടിനിറുത്തൽ ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ് ആക്രമണമെന്ന് ഹമാസ് പ്രതികരിച്ചു. 38,440ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.

 ഹമാസിനെ ഭീകര സംഘടനായി പ്രഖ്യാപിച്ച് അർജന്റീന

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജന്റീന. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തെ മുൻനിറുത്തിയാണ് തീരുമാനം. രാജ്യത്ത് ഹമാസുമായി ബന്ധമുള്ള സാമ്പത്തിക ആസ്തികൾ മരവിപ്പിക്കാനും പ്രസിഡന്റ് ഹാവിയർ മിലെ ഉത്തരവിട്ടു. ഹമാസിന് പിന്തുണ നൽകുന്ന ഇറാനെയും കുറ്റപ്പെടുത്തി. യു.എസ് അടക്കം നിരവധി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഹമാസിനെ ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.

1994ൽ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററിലുണ്ടായ ബോംബാക്രമണത്തിന്റെ 30-ാം വാർഷികം ഈ മാസം 18ന് ആചരിക്കാനിരിക്കെയാണ് അർജന്റീനയുടെ പ്രഖ്യാപനം. അർജന്റീനയുടെ ആധുനിക ചരിത്രം കണ്ട ഏറ്റവും വിനാശകരമായ ആക്രമണത്തിൽ 85 പേരാണ് കൊല്ലപ്പെട്ടത്. 1992ൽ ബ്യൂണസ് ഐറിസിലെ ഇസ്രയേൽ എംബസിയുണ്ടായ ബോംബാക്രമണത്തിൽ 20 പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങൾക്കും പിന്നിൽ ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പാണെന്ന് അർജന്റീന പറയുന്നു.

Advertisement
Advertisement