നിയമ വിരുദ്ധ വിവാഹം: ഇമ്രാനും ഭാര്യയും കുറ്റവിമുക്തർ

Sunday 14 July 2024 6:58 AM IST

ഇസ്ലാമാബാദ്: ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായ കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്) പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ (71) കുറ്റവിമുക്തൻ. ഭാര്യ ബുഷ്റയേയും കോടതി കുറ്റവിമുക്തയാക്കി. ഇരുവർക്കും ഫെബ്രുവരിയിൽ 7 വർഷം വീതം തടവും 5,00,000 പാകിസ്ഥാനി രൂപ വീതം പിഴയും ചുമത്തിയിരുന്നു. വിധിക്കെതിരെ ഇമ്രാനും ബുഷ്റയും സമർപ്പിച്ച ഹർജിയിൽ ഇസ്ലാമാബാദ് സെഷൻസ് കോടതി ഇന്നലെ അനുകൂല ഉത്തരവ് വിധിക്കുകയായിരുന്നു. മറ്റു കേസുകളില്ലെങ്കിൽ ഇരുവരെയും ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ, 2023 മേയിലെ കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ അറസ്റ്റ് വാറണ്ടുള്ളതിനാൽ ഇമ്രാൻ ജയിലിൽ തന്നെ തുടർന്നേക്കുമെന്നാണ് വിവരം. ബുഷ്റയുടെ മോചനം സംബന്ധിച്ച് വ്യക്തതയില്ല. ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇമ്രാനെതിരെയുണ്ടായിരുന്ന അഴിമതി അടക്കമുള്ള കേസുകൾ അടുത്തിടെ റദ്ദാക്കിയിരുന്നു.

 കേസ് ഇങ്ങനെ

ബുഷ്റയുടെ ആദ്യ ഭർത്താവ് ഖവാർ മനേക്കയുടെ ഹർജിയിലായിരുന്നു ശിക്ഷ. 2018ലാണ് ഇമ്രാനും ബുഷ്റയും വിവാഹിതരായത്. ഇമ്രാന്റെ മൂന്നാം വിവാഹമായിരുന്നു. 2017ൽ മനേക്കയുമായുള്ള ബന്ധം വേർപെടുത്തിയ ബുഷ്റ അടുത്ത വിവാഹത്തിനായി ഇസ്ലാമിക നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള കാലയളവ് പൂർത്തിയാക്കിയില്ലെന്നാണ് കേസ്.

Advertisement
Advertisement