ഡൊണാൾഡ്   ട്രംപിനുനേരെ വധശ്രമം: വെടിയേറ്റത് വലതുചെവിയിൽ

Sunday 14 July 2024 7:33 AM IST

വാഷിംഗ്‌ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു . അദ്ദേഹത്തിന്റെ വലതുചെവിക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. ട്രംപിന്റെ മുഖത്തുനിന്ന് രക്തമൊഴുകുന്നത് പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമായി കാണാം.

വലതു ചെവിയിൽ വെടിയേറ്റുവെന്നും മുഴങ്ങുന്ന ശബ്ദം കേട്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നുമാണ് സംഭവത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. വെടിയുണ്ട ശരീരത്തിൽ തട്ടുന്നത് തനിക്ക് അനുഭവപ്പെട്ടുവെന്ന് ട്രംപ് ആശുപത്രിയിൽ വച്ച് പറഞ്ഞുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടിയേറ്റ ട്രംപിനെ വളഞ്ഞ സുരക്ഷാ സേന ഉടൻതന്നെ അദ്ദേഹത്തെ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിർത്തതെന്നു സംശയിക്കുന്ന ആളും റാലിയിൽ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. റാലിയിൽ പങ്കെടുത്ത മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം 6.15 ന് (പ്രാദേശിക സമയം) നടന്ന റാലിക്കിടെയായിരുന്നു ആക്രമണമുണ്ടായത്. അഭിസംബോധന തുടങ്ങി അല്പസമയം കഴിഞ്ഞപ്പോഴായിരുന്നു വെടിവച്ചത്. റാലി നടക്കുന്നതിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് അക്രമി വെടിവയ്പ്പുണ്ടായത്. അക്രമി എട്ടുതവണ വെടിവച്ചുവെന്നാണ് റിപ്പോർട്ട്. കൊലപാതക ശ്രമമാണോ നടന്നതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വ്യക്തമല്ല.

സുരക്ഷാ സൈനികരുടെ വെടിയേറ്റ് അക്രമിയുടെ തല തകർന്ന നിലയിലാണ്. ഇയാളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുവരികയാണ്.

1981 ൽ റൊണാൾഡ് റീഗനുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കയിൽ ഒരു പ്രസിഡന്റിനുനേരെയോ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിക്കുനേരെയോ ഉണ്ടാകുന്ന ആദ്യ വധശ്രമാണിപ്പോഴത്തേതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.