'ഗുണ്ടകളോട്  ഗുണ്ടകളുടെ  ഭാഷയിൽ  സംസാരിക്കും': തമിഴ്‌നാട്ടിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല, വധിച്ചത് കൊടും ക്രിമിനലിനെ

Sunday 14 July 2024 9:13 AM IST

ചെന്നൈ: ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല. ബിഎസ്‌പി നേതാവ് ആംസ്ട്രോംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വധിച്ചത്. തെളിവെടുപ്പിന് എത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കേണ്ടിവന്നു എന്നാണ് പൊലീസ് ഭാഷ്യം.

ചെന്നൈ മാധവാരത്ത് വച്ചായിരുന്നു ഏറ്റുമുട്ടൽ. ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുമെന്ന് പുതിയ ചെന്നൈ പൊലീസ് കമ്മിഷണർ അടുത്തിടെ പറഞ്ഞിരുന്നു. വെടിയേറ്റ പരിക്കുകളോടെ തിരുവേങ്കടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.

തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയിൽ ഗുണ്ടാ നേതാവ് ദുരൈയാണ് ഇതിന് മുമ്പ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾ ഉൾപ്പെട്ട ഗുണ്ടാസംഘം വനപ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇൻസ്പെക്ടറെ വെടിവച്ചപ്പോൾ ജീവൻ രക്ഷിക്കാനായി പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദുരൈയുടെ ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.

ജനങ്ങൾക്കും പൊലീസിനും പേടിസ്വപ്നമായിരുന്ന കൊടും ക്രിമിനലായിരുന്നു ദുരൈ. അഞ്ച് കൊലപാതകങ്ങളിലടക്കം 69 കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. തോക്കുൾപ്പടെയുള്ള ആയുധങ്ങളുമായിട്ടായിരുന്നു ഇയാളും സംഘാംഗങ്ങളും നടന്നിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

ഉത്തർപ്രദേശ് ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അടുത്തിടെ നിരവധി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിരുന്നു. ഇതിൽ പലതിലും കൊല്ലപ്പെട്ടത് കൂട്ട ബലാൽസംഗകേസുകളിൽ പ്രതികളായ കൊടും ക്രിമിനലുകൾ ഉൾപ്പടെയുള്ളവരായിരുന്നു. എന്നാൽ ഏറ്റുമുട്ടൽ കൊലകളല്ല നടന്നതെന്നും കൊലപാതകങ്ങളായിരുന്നു എന്നും ചില കോണുകളിൽ നിന്ന് ആരോപണം ഉയർന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Advertisement