ഇതാരാ വജ്രക്കല്ലിനുളളിൽ? മോദിയുടെ ചിത്രത്തെ പ്രശംസിച്ച് മന്ത്രിമാരും

Sunday 14 July 2024 9:46 AM IST

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വജ്രത്തിൽ രൂപകല്പന ചെയ്ത് വിദഗ്ദ്ധർ. ഗുജറാത്തിലെ സൂറത്തിലുളള വജ്ര നിർമാണ കമ്പനിയായ എസ് കെയിലെ വിദഗ്ദ്ധരാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്. എട്ട് കാര​റ്റുളള വജ്രത്തിലാണ് മോദിയുടെ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ശേഷം നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ ഇത് പ്രദർശിപ്പിക്കുകയും ചെയ്തു.

40 കാര​റ്റുളള ലെബ്രോൺ വജ്രമാണ് മോദിയുടെ ചിത്രം വരയ്ക്കാനായി തിരഞ്ഞെടുത്തതെന്ന് കമ്പനിയുടെ മാനേജർ അറിയിച്ചു. ശേഷം കൃത്യമായ ആകൃതിക്കുവേണ്ടി വജ്രത്തിന്റെ വലിപ്പം എട്ട് കാര​റ്റായി കുറയ്ക്കുകയായിരുന്നുവെന്നും മാനേജർ വ്യക്തമാക്കി. ഏകദേശം 20 കരകൗശല വിദഗ്ദ്ധർ ഒരു മാസത്തോളം പരിശ്രമിച്ചാണ് മോദിയുടെ ചിത്രം തയ്യാറാക്കിയത്. 'മേക്ക് ഇൻ ഇന്ത്യ' മാതൃകയിലാണ് വജ്രം സൃഷ്ടിച്ചതെന്നും ഇത് പരിസ്ഥിതി സൗഹാർദമാണെന്നും മാനേജർ പറഞ്ഞു.

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വിയും സൂറത്തിൽ നടന്ന പ്രദർശന പരിപാടിയിൽ എത്തിയിരുന്നു. അദ്ദേഹവും മോദിയുടെ ചിത്രത്തെ പ്രശംസിച്ചിരുന്നു.

Advertisement
Advertisement