41 വയസിനിടെ സ്വന്തംപേരിൽ 150 മോഷണക്കേസുകൾ, ഓപ്പറേഷന് ഇറങ്ങുന്നതിന് മുമ്പ് സക്കറിയയ്ക്ക് ഒന്നേ നിർബന്ധമുള്ളൂ

Sunday 14 July 2024 11:23 AM IST

കോഴിക്കോട്: കോട്ടപ്പറമ്പ് റോഡിലെ ഇലക്ട്രിക് കടകളിൽ മോഷണം നടത്തിയ സക്കറിയ എന്ന റഷീദിന്റെ ( 41) പേരിൽ കേരളത്തിലും കർണാടകയിലുമായി മോഷണക്കേസുകൾ 150. കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 110 കേസുകളുണ്ടെന്ന് എ.സി.പി കെ.ജി. സുരേഷ് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെ വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കോട്ടപ്പറമ്പ് റോഡിലെ മൂന്ന് ഇലക്ട്രിക് കടകൾ കുത്തിത്തുറന്ന് 45,000 രൂപയും മൊബൈൽ ഫോണുകളും മോഷ്ടിച്ചത്. കടകളിൽ നിന്ന് 28000, 12000, 5000 രൂപ എന്നിങ്ങനെയാണ് മോഷ്ടിച്ചത്. 14ാമത്തെ വയസിൽ മോഷണം തുടങ്ങിയ ഇയാൾ വീട്ടിലേക്ക് പോവാറില്ല. മോഷണക്കേസിൽ കഴിഞ്ഞ ജൂൺ മാസം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ പൂർത്തിയാക്കി ഇറങ്ങിയ ഉടനെയാണ് കോഴിക്കോട്ടെ മോഷണം .പോക്കറ്റടി, കടകളിലും വീടുകളിലും കവർച്ച, ട്രെയിനിൽ പിടിച്ചുപറി, മോഷണം തുടങ്ങി സക്കറിയയുടെ പേരിൽ 150 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫെഡ്എക്സ് ഇലക്ട്രിക്കൽസ്, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡിലെ രാജേശ്വർ കേബിൾ ആൻഡ് ഇലക്ട്രിക്കൽ, ലഗാരോ ഇന്റർനാഷണൽ എന്നിവിടങ്ങളിലായിരുന്നു മോഷണം കസബ പൊലീസ് അന്വേഷിച്ച കേസിലാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ 19 സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.കസബ എസ്.ഐ. ജഗ്‌മോഹൻ ദത്തൻ, എസ്.സി.പി.ഒ. സുധർമൻ, സജേഷ്, എസ്.സി.പി.ഒ.മാരായ ഷാലു, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ആദ്യം സിനിമ, പിന്നെ മോഷണം

രാത്രിയിലാണ് പ്രധാനമായും മോഷണം. പണം സൂക്ഷിക്കാൻ സാദ്ധ്യതയുള്ള കടകൾ കണ്ടുവയ്ക്കുകയും മോഷണം നടത്താൻ തീരുമാനിക്കുന്ന ദിവസം സമീപത്തെ തിയറ്ററിൽ നൈറ്റ് ഷോയ്ക്ക് കയറുകയും ചെയ്യും. സിനിമ ടിക്കറ്റിന്റെ ഭാഗം കൈയിൽ സൂക്ഷിക്കും. തുടർന്ന് കടകളും മറ്റും കുത്തിത്തുറന്ന് മോഷണം. കടകൾ കുത്തിത്തുറക്കാനുള്ള ഉപകരണങ്ങൾ മോഷണം ആസൂത്രണം ചെയ്ത ശേഷം വാങ്ങുന്നതാണ് പതിവ്. പുലർച്ചെ കറങ്ങി നടക്കുന്ന ഇയാൾ പൊലീസിനെ കബളിപ്പിക്കാനാണ് സിനിമ ടിക്കറ്റ് സൂക്ഷിക്കുന്നത്. ആഡംബര ജീവിതത്തിനായാണ് മോഷണം. ഹോട്ടലുകളിലും റിസോർട്ടുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് താമസം.

Advertisement
Advertisement