'അന്ന് മന്ത്രി വിളിച്ചു പറഞ്ഞു, ഞാൻ മനസുവച്ചിരുന്നെങ്കിൽ മോഹൻലാലിന് ആ നമ്പർ കിട്ടില്ലായിരുന്നു'

Sunday 14 July 2024 3:23 PM IST

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച് ഇന്ന് ചലച്ചിത്ര ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയ നടനാണ് നന്ദു. കമലദളം പോലുള്ള ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നന്ദുവിന്റെ കരിയറിൽ വഴിത്തിരിവായത് രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ വേഷമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം നന്ദു സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ഇപ്പോഴിതാ നന്ദുവിന്റെ സിനിമ ജീവിതത്തെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിൽ ആദ്യം വാങ്ങിയ വാഹനവും ആ വാഹനത്തിന്റെ നമ്പർ ലഭിക്കുമ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ചും നന്ദു തുറന്നുപറയുകയാണ്. തന്റെ പുതിയ കാറിന് വേണ്ടി ബുക്ക് ചെയ്ത നമ്പർ മോഹൻലാലിന് നൽകിയ സംഭവത്തെക്കുറിച്ചും നന്ദു തുറന്നുപറയുന്നു. ഓട്ടോജേണലിസ്റ്റ് ബൈജു എൻ നായറിന് നൽകിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കുന്നത്.

നന്ദുവിന്റെ വാക്കുകളിലേക്ക്...
'1984ൽ ആലപ്പുഴയിൽ അമ്മയുടെ പേരിലുള്ള ഒരു ഷെയർ കച്ചവടമായി. അങ്ങനെ കുറച്ച് പൈസ അതിലൂടെ കിട്ടി. ചെറിയ ഒരു തുകയേ ഉള്ളൂ. ആ കാശ് വച്ച് ഞാൻ ഒരു വണ്ടി വാങ്ങി. അന്ന് 10,500 രൂപയാണ് ആ വണ്ടിയുടെ വില. എന്റെ ഒരു ചിറ്റപ്പൻ ആ സമയത്ത് പൊലീസിൽ ഉണ്ടായിരുന്നു, അദ്ദേഹത്തിന് ട്രാൻസ്‌പോർട്ട് കമ്മിഷണവുമായി നല്ല ബന്ധമുണ്ട്. അദ്ദേഹത്തിനോടാണ് ഞാൻ കാറിന് നമ്പർ എടുത്തുതരാൻ പറഞ്ഞത്. അന്ന് കെബിടി എന്ന സീരിസിലുള്ള നമ്പറായിരുന്നു ഓടിക്കൊണ്ടിരുന്നത്. എനിക്ക് 5544 എന്ന നമ്പർ വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

അങ്ങനെ ഞാൻ ട്രാൻസ്‌പോർട്ട് കമ്മിഷണറെ പോയി കണ്ടു, ആ നമ്പർ എനിക്ക് തരാൻ അദ്ദേഹം മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഒരു മൂന്ന് ദിവസത്തിന് ശേഷം ചിറ്റപ്പൻ വീട്ടിലേക്ക് വന്നു, നിനക്ക് ആ നമ്പർ കിട്ടില്ലെന്നും 5533 കിട്ടൂ എന്നും പറഞ്ഞു. ആ നമ്പറെങ്കിൽ ആ നമ്പർ, എനിക്ക് അത് മതിയെന്ന് ഞാൻ പറഞ്ഞു.

പിന്നാലെ ആ നമ്പർ എന്താണ് കിട്ടാത്തതെന്ന് ഞാൻ ചിറ്റപ്പനോട് ചോദിച്ചു. ആ നമ്പർ മോഹൻലാലിന് കൊടുക്കാൻ ആവശ്യപ്പെട്ട് മന്ത്രി ചിറ്റപ്പനെ വിളിച്ചു പറഞ്ഞു. മോഹൻലാലിന്റെ കോണ്ടസയ്ക്ക് വേണ്ടിയാണ് ആ നമ്പർ ചോദിച്ചത്. പിന്നീട് ഞാൻ ഒരു ദിവസം മോഹൻലാലിനെ കണ്ടപ്പോൾ 'അണ്ണാ..ഞാൻ അന്ന് മനസുവച്ചെങ്കിൽ 5544 കിട്ടില്ലായിരുന്നു' എന്ന് പറഞ്ഞു'

Advertisement
Advertisement