കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണം, ജനം പ്രതിഷേധത്തിൽ... നിർത്താതെ ഓടി, പറയാതെ നിർത്തി

Monday 15 July 2024 5:41 PM IST

കിടങ്ങൂർ: നീണ്ട 28 വർഷം നിർത്താതെ ഒാടി. പക്ഷേ ഒമ്പതുമാസമായി കണി കാണാനില്ല. പാലായിൽ നിന്ന് രാവിലെ 8ന് ശേഷം ആരംഭിച്ച് മുത്തോലി, മുത്തോലിക്കടവ്, ചേർപ്പുങ്കൽപള്ളി, ചെമ്പിളാവ്, പാദുവ, കിടങ്ങൂർ എൻജിനീയറിംഗ് കോളേജ്, കിടങ്ങൂർ ക്ഷേത്രം, കിടങ്ങൂർ, ഏറ്റുമാനൂർ വഴി കോട്ടയത്തിന് സർവീസ് നടത്തിക്കൊണ്ടിരുന്ന ജനപ്രിയ കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് അധികാരികൾ ഒറ്റയടിക്ക് നിർത്തിയത്. കൃത്യമായ കാരണമൊട്ട് അധികൃതർ പറയുന്നുമില്ല. കോട്ടയത്തു നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് ഇതേ റൂട്ടിൽ പാലായിൽ തിരിച്ചെത്തുന്ന രീതിയിലായിരുന്നു സർവീസ് ക്രമീകരണം.

യാത്രാസൗകര്യം തീരെ കുറഞ്ഞ ഈ റൂട്ടിൽ രാവിലെയും വൈകിട്ടും നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതായിരുന്നു സർവീസ്. ഇട സമയങ്ങളിൽ ഈ ബസ് കോട്ടയം-പാലാ റൂട്ടിൽ നേരെ സർവീസ് നടത്തുന്നുമുണ്ടായിരുന്നു.

കഴിഞ്ഞ ശബരിമല സീസൺ ആരംഭിച്ചപ്പോൾ ബസുകളുടെ കുറവ് പറഞ്ഞാണ് സർവീസ് പിൻവലിച്ചത്. എന്നാൽ ശബരിമല സീസൺ കഴിഞ്ഞ് അടുത്ത ശബരിമല സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഇനിയും സർവീസ് പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

യാത്രാ സൗകര്യം തീരെ കുറവുള്ള മുത്തോലിക്കടവ്, ചേർപ്പുങ്കൽപള്ളി, ചെമ്പിളാവ്, പാദുവാ, കിടങ്ങൂർ ക്ഷേത്രം വഴിയുള്ള സർവീസ് മുടങ്ങിയതോടെ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ദുരിതത്തിലാണ്. കിടങ്ങൂരും ഏറ്റുമാനൂരും കോട്ടയത്തുമൊക്കെ പഠിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്. ഇപ്പോൾ ഇവർക്കാവട്ടെ കിലോമീറ്ററുകൾ നടന്ന് ചേർപ്പുങ്കലിലോ, കുമ്മണ്ണൂരിലോ, കിടങ്ങൂർ മാന്താടിക്കവലയിലോ എത്തി സ്‌കൂളിലോ കോളേജിലോ എത്തേണ്ട ഗതികേടിലാണ്. പാലാ ഏറ്റുമാനൂർ റൂട്ടിൽ ഈ ബസിന് ശേഷം പാദുവ, എൻജിനീയറിംഗ് കോളേജ്, കിടങ്ങൂർ ക്ഷേത്രം വഴി ഉണ്ടായിരുന്ന സ്വകാര്യബസും മാസങ്ങൾക്ക് മുൻപ് സർവീസ് നിർത്തിയതും വിദ്യാർത്ഥികളെ വലയ്ക്കുകയാണ്. ഫലത്തിൽ ഈ പ്രദേശങ്ങളിൽ നിന്ന് രാവിലെ സ്‌കൂളിൽ പോവാനും തിരികെയെത്താനും കുട്ടികൾക്ക് ബസില്ലാത്ത അവസ്ഥയാണ്.

Advertisement
Advertisement