ട്രംപിനെ വെടിവച്ചത് 20കാരൻ , അന്വേഷണം നടത്തുമെന്ന് യു എസ്

Sunday 14 July 2024 7:39 PM IST

വാഷിംഗ്‌ടൺ : മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് അന്വേഷിക്കുമെന്ന് സർക്കാർ. വധശ്രമക്കുറ്റമായി കണക്കാക്കി,​ യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യു.എസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക.

ട്രംപിനെ വെടിവച്ചത് തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരനാണെന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇയാളെ സുരക്ഷാസേന വെടിവച്ചുകൊന്നു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്ത് നിന്ന് അക്രമിയുടേതെന്ന് കരുതുന്ന എ.ആർ-15 സെമി ഓട്ടോമാറ്റിക് റൈഫിൾ സുരക്ഷാസംഘം കണ്ടെടുത്തിരുന്നു.

​ അതേസമയം വെടിവയ്പിൽ പരിക്കേറ്റ ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്‌സ്ബർഗിൽ നിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്നും അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം അറിയിച്ചു.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ മൂന്നരയോടെ പെൻസിൽവേനിയ സംസ്ഥാനത്തെ ബട്ലർ നഗരത്തിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അക്രമം. വേദിയിൽ ട്രംപ് പ്രസംഗിക്കുമ്പോൾ കുറച്ചകലെയുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് തോമസ് മാത്യു ക്രൂക്ക്‌സ് വെടിവയ്‌ക്കുകയായിരുന്നു. അക്രമിയുടെ വെടിവയ്പിൽ മറ്റൊരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെൻസിൽവേനിയയിലെ ബെഥേൽ പാർക് സ്വദേശിയായ അക്രമി റിപ്പബ്ലിക്കൻ അനുഭാവിയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Advertisement
Advertisement