പൊള്ളലിന് ശുശ്രൂഷ പേസ്റ്റ് അല്ല,​ തേനല്ല...

Monday 15 July 2024 12:23 AM IST

നെഞ്ചുവേദന അനുഭവപ്പെട്ടാൽ ഏതു ഡോക്ടറെ കാണണമെന്ന് എല്ലാവർക്കും അറിയാം. ചെവി വേദന വന്നാൽ ആരെ കാണണമെന്നും അറിയാം. പക്ഷേ,​ ശരീരത്തിൽ പൊള്ളലേറ്റാൽ പോകേണ്ടത് പ്ളാസ്റ്റിക് സർജന്റെയടുത്താണെന്ന് എത്ര പേർക്ക് അറിയാം?​ ഇന്ന് ദേശീയ പ്ളാസ്റ്റിക് സർജറി ദിനമാണ്. പ്ളാസ്റ്റിക് സർജറിയെക്കുറിച്ച് സാധാരണക്കാർക്കുള്ള സംശയങ്ങൾ അകറ്റാനുള്ള ബോധവത്കരണ ശ്രമങ്ങളാണ് ഈ ദിനത്തിലെ പ്രധാന ദൗത്യം.

പ്ളാസ്റ്റിക് സർജറി എന്നത് സൗന്ദര്യ സംവർദ്ധക ചികിത്സയുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. അതേസമയം,​ ഒരു പ്ളാസ്റ്റിക് സർജന്റെ ചികിത്സാ സേവനം ആവശ്യപ്പെടുന്ന പൊള്ളൽ നാട്ടിൽ സാധാരണമാണു താനും! പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തെന്നു ചോദിച്ചാൽ പത്തിൽ ഒമ്പതു പേരും പറയും,​ പൊള്ളലേറ്റിടത്ത് ടൂത്ത് പേസ്റ്റ് തേയ്ക്കണമെന്ന്. അവർ അതുതന്നെ ചെയ്യുകയും ചെയ്യും.

പൊള്ളലിനുള്ള പ്രാഥമിക ചികിത്സ,​ ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് പച്ചവെള്ളം തുടർച്ചയായി ഒഴിക്കുക എന്നതാണ്. ഐസ് വാട്ടർ, ടൂത്ത് പേസ്റ്റ്, തേൻ ഇവയൊന്നും പൊള്ളലേറ്റയുടൻ ആ ഭാഗത്ത് പരീക്ഷിക്കരുത്. പൊള്ളിയ ഭാഗത്ത് പച്ചവെള്ളം ഒഴിക്കുന്നതുവഴി പൊള്ളലിന്റെ ആഴം കുറയ്ക്കാൻ കഴിയും. അതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ആ ഭാഗം പൊതിയുക. അതിനു ശേഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടുക.

പൊള്ളലിന്റെ പ്രാഥമിക ശുശ്രൂഷ, ചികിത്സാ രീതികൾ, പൊള്ളലിന് എന്തൊക്കെ ചെയ്യാം,​ എന്തൊക്കെ ചെയ്തുകൂടാ എന്നിവയെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി 'ഫയർ ഫ്ളൈ" എന്ന പേരിൽ ‍ഞങ്ങൾ പ്രോജക്ട് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ക്വിസ് പരിപാടികളും ബോധവത്കരണ ക്ളാസുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നു.

(കൺസൾട്ടന്റ് പ്ളാസ്റ്റിക് സർജൻ,​ ചീഫ് കോ- ഓർഡിനേറ്റർ- 'ഫയർ ഫ്ളൈ" പ്രോജക്ട്, പി.ആർ.എസ് ആശുപത്രി,​ തിരുവനന്തപുരം)​

Advertisement
Advertisement