തിരഞ്ഞെടുപ്പ് യോഗത്തിനിടെ ട്രംപിന് വെടിയേറ്റു,​ പരിക്ക് വലതു ചെവിയിൽ,​ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Monday 15 July 2024 12:00 AM IST


20കാരനായ അക്രമിയെ ഭടന്മാർ വധിച്ചു

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (78)​ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഗതിതന്നെ മാറ്റിയേക്കാവുന്ന വധശ്രമത്തിൽ ട്രംപിന്റെ വലതു ചെവിയിലാണ് വെടിയേറ്റത്. അല്പം മാറിയിരുന്നെങ്കിൽ തലച്ചോർ തുളയ്ക്കുമായിരുന്നു.

ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ മൂന്നരയോടെ പെൻസിൽവേനിയ സംസ്ഥാനത്തെ ബട്ലർ നഗരത്തിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അക്രമം. വേദിയിൽ ട്രംപ് പ്രസംഗിക്കുമ്പോൾ കുറച്ചകലെയുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് തോമസ് മാത്യു ക്രൂക്ക്‌സ് (20)​ എന്ന യുവാവ് വെടിവയ്‌ക്കുകയായിരുന്നു. ഇയാളെ സുരക്ഷാസേന വെടിവച്ചുകൊന്നു. അക്രമിയുടെ വെടിവയ്പിൽ മറ്റൊരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെൻസിൽവേനിയയിലെ ബെഥേൽ പാർക് സ്വദേശിയായ അക്രമി റിപ്പബ്ലിക്കൻ അനുഭാവിയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെവിപൊത്തി നിലത്തിരുന്നു

വെടിയേറ്റ ഉടൻ വലതു ചെവി പൊത്തി ട്രംപ് പ്രസംഗപീഠത്തിന് പിന്നിൽ കുനിഞ്ഞിരുന്നു. ചുറ്റിലും നിന്ന പ്രേക്ഷകരും ആത്മരക്ഷാർത്ഥം നിലത്തിരുന്നു. നിലവിളികൾക്കിടെ സുരക്ഷാഭടന്മാർ വേദിയിൽ ചാടിക്കയറി ട്രംപിനെ രക്ഷാവലയത്തിലാക്കി. താഴേക്കിറക്കുമ്പോൾ ട്രംപ് മുഷ്ടി ചുരുട്ടി അണികളെ അഭിവാദ്യം ചെയ്‌തു. പിന്നീട് ന്യൂജഴ്സിയിലെ വസതിയിലേക്ക് പോയി.

യു. എസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും സംഭവത്തെ അപലപിച്ചു.

കരുത്താകുന്ന ദൃശ്യം

ചെവിയിലും വലതു കവിളിലും ചോരയുമായി വലതുമുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്യുന്ന ട്രംപിന്റെ ചിത്രം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെതിരെയുള്ള തിരഞ്ഞെടുപ്പ് പോരിന് കരുത്തേകും. ചിത്രം പുത്രൻ എറിക് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു,

''ഇങ്ങനെയൊരു പോരാളിയെയാണ് അമേരിക്കയ്‌ക്ക് ആവശ്യം'' എന്ന അടിക്കുറിപ്പോടെ.

സുരക്ഷ പാളി

അമേരിക്കയുടെ സുരക്ഷാ സന്നാഹങ്ങളെല്ലാം വിഫലമായി. അക്രമി തോക്കുമായി കെട്ടിടത്തിന് മുകളിൽ കയറി. അതീവ സുരക്ഷയുള്ള വേദിയിൽ ട്രംപിനു നേരെ നാലു തവണ വെടിവച്ചു. ട്രംപ് മുൻപ്രസിഡന്റ് മാത്രമല്ല, പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായത് സംഭവം ഗുരുതരമാക്കുന്നു. 1981ൽ പ്രസിഡന്റ് റൊണാൾഡ് റെയ്ഗന് നേരെ നടന്ന വധശ്രമത്തിനു ശേഷം ഇത്തരം സംഭവം ആദ്യമാണ്.

സംഭവം ഇങ്ങനെ

1.ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30 - ട്രംപ് വേദിയിൽ

2. പ്രസംഗം തുടങ്ങി മിനിട്ടുകൾക്കുള്ളിൽ വെടിയൊച്ചകൾ

3. ട്രംപ് ചെവിപൊത്തി നിലത്തിരിക്കുന്നു

4. സുരക്ഷാഭടന്മാർ ട്രംപിനെ പുറത്തേക്ക് കൊണ്ടുപോകുന്നു

Advertisement
Advertisement