സ്‌കൂളുകളിലും കോളേജുകളിലും റാഗിംഗ് 'ആവേശം' 

Monday 15 July 2024 12:02 AM IST
സ്‌കൂളുകളിലും കോളജുകളിലും റാഗിംഗ്

കണ്ണൂർ: തീയറ്ററുകളിൽ ഓളം സൃഷ്ടിച്ച 'ആവേശം' സിനിമയെ അനുകരിച്ച് സ്‌കൂളുകളിലും കോളേജുകളിലും റാഗിംഗ് ശക്തം. സിനിമയിൽ നിന്ന് ആവേശം ഉൾക്കൊണ്ട്, സീനിയേഴ്സിന്റെ റാഗിംഗ്, ജൂണിയേഴ്സ് തടയാൻ രംഗത്തിറങ്ങുന്നതോടെ സംഘർഷം രൂക്ഷമാകുകയാണ്. പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയതോടെ ജില്ലയിലെ പല സ്‌കൂളുകളും സംഘർഷ ഭരിതമായിരിക്കുകയാണ്.

പൊലീസും നാട്ടുകാരും പി.ടി.എയും പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും പലയിടത്തും കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കാൻ ശ്രമിച്ച 12 സീനിയർ വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് കേസെടുക്കാതിരുന്നത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ റാഗിംഗ് നടന്നതായി പരാതി ഉയർന്നത്. മുൻപും ഇവിടെ റാഗിംഗ് നടന്നിരുന്നു. ഇതേതുടർന്ന് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾക്ക് താക്കീത് നൽകിയിരുന്നു.

കൂത്തുപറമ്പിലും കഴിഞ്ഞ ദിവസം റാഗിംഗ് പരാതി ഉയർന്നിരുന്നു. ജൂനിയർ വിദ്യാർത്ഥികൾ ഷൂ ധരിച്ച് വരുന്നതും പുതീയ ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നതുമൊക്കെ ചോദ്യം ചെയ്താണ് റാഗിംഗ് ആരംഭിക്കുന്നത്. എന്നാൽ പിന്നീട് ഇത് കൈയാങ്കളിയിലേക്കും വെല്ലുവിളികളിലേക്കും നീങ്ങുകയാണ്.

കഴിഞ്ഞദിവസം പയ്യന്നൂർ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി ഉയർന്നു. കോളേജിനുള്ളിലെ സ്‌റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ പൊലീസ് മർദ്ദനത്തിന് കേസെടുത്തു. റാഗിംഗ് വകുപ്പുകൾ ചേർത്തിട്ടില്ല. റാഗിംഗിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.


നിയമമുണ്ട്... പക്ഷേ...

റാഗിംഗിനെതിരെ ശക്തമായ കേരള റാഗിംഗ് നിരോധന നിയമം നിലവിലുണ്ട്. എന്നാൽ അത് നടപ്പാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ റെപ്പ്യൂട്ടേഷൻ, രാഷ്ട്രീയക്കാരുടെയും അദ്ധ്യാപക സംഘടനകളുടേയും വിദ്യാർത്ഥി യൂണിയനുകളുടേയും മറ്റും ഇടപെടലുകൾ, കുറ്റക്കാരായ കുട്ടികളുടെ ഭാവി നശിക്കാൻ ഇടവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ശക്തമായ നടപടികളിൽ നിന്നും അധികൃതരെ പിന്തിരിപ്പിക്കുന്നത്.


3 വർഷം പഠന വിലക്ക്

റാഗിംഗ് നടത്തിയ വിദ്യാർത്ഥിക്ക് അത് തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാനും സാധിക്കില്ല.


ആന്റി റാഗിംഗ് കമ്മിറ്റി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിംഗ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതിൽ സിവിൽ പൊലീസ് അഡ്മിനിസ്‌ട്രേഷൻസ്, ലോക്കൽ മീഡിയ, എൻ.ജി.ഒ, അദ്ധ്യാപക പ്രതിനിധികൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, വിദ്യാർത്ഥികളുടെ പ്രതിനിധികൾ എന്നിവയും ഉണ്ടായിരിക്കണം. സ്ഥലം സർക്കിൾ ഇൻസ്പെക്ടറും ഈ കമ്മിറ്റിയിൽ എക്സ് ഒഫീഷ്യോ മെമ്പറാണ്.

Advertisement
Advertisement