കാപ്പ ചുമത്തി നാടുകടത്തി

Monday 15 July 2024 1:08 AM IST


പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിറക്കാട് കളത്തിൽ ഹൗസിൽ ഷെറിനെ(38) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ) ചുമത്തി നാടുകടത്തി. ജില്ലയിൽ പ്രവേശിക്കുന്നതിൽ മൂന്നു മാസത്തെ വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആദംഖാൻ തുടർ നടപടികൾ സ്വീകരിച്ചു. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ പാലക്കാട് കോട്ടമൈതാനം ബസ് സ്റ്റോപ്പിൽ വെച്ച് ഉണ്ടായ കുറ്റകരമായ നരഹത്യാശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ15 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റം, ഭവനഭേദനം, പൊതുമുതലിന് നാശം വരുത്തുക തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പട്ടതിനാണ് ഷെറിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.

Advertisement
Advertisement