കുടുംബശ്രീ വായ്പാതട്ടിപ്പ്: എങ്ങുമെത്താതെ അന്വേഷണം

Monday 15 July 2024 1:13 AM IST

പള്ളുരുത്തി: വിവാദമായ കുടുംബശ്രീ വായ്പാതട്ടിപ്പുമായി ബന്ധപെട്ട കേസ് ഒരു വർഷം തികയുമ്പോഴും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം നിലവിൽ മരവിച്ചിരിക്കുന്ന അവസ്ഥയിലാണ്. കേസിന്റെ തുടക്കത്തിൽ വലിയ ശുഷ്കാന്തിയോടെയാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോയത്. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടംവന്നപ്പോൾ അന്വേഷണം മന്ദഗതിയിലായി.

കേസിൽ പിടിയിലായ പള്ളുരുത്തി സ്വദേശികളെ ചോദ്യംചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് തുടക്കത്തിൽ പറഞ്ഞെങ്കിലും തുടരന്വേഷണം ചില പരിശോധനകളിലും മറ്റും ഒതുക്കിനിറുത്തുന്ന സാഹചര്യമാണ്. പൊലീസ് നടപടി മരവിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആക്ഷേപവും ഇതോടെ ശക്തമായി. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വീട്ടമ്മമാർ പരാതിയുമായി രംഗത്ത് വന്നെങ്കിലും ഈ പരാതികളിലും കാര്യമായ പൊലീസ് നടപടികൾ ഉണ്ടായില്ല. കുടുംബശ്രീയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്ന രീതിയിൽ നടന്ന തട്ടിപ്പിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യമുണ്ടായതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മട്ടാഞ്ചേരി അസി.കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്ന കേസ് അന്വേഷണം. തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും കാര്യമായി ഒന്നും നടന്നില്ല.കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരിൽ വ്യാജരേഖകൾ നിർമിച്ചാണ് കോടികളുടെ തട്ടിപ്പ് നടന്നത്. പിടിയിലായ സ്ത്രീകൾ തട്ടിപ്പിലെ വെറും കണ്ണികൾ മാത്രമാണെന്നും വമ്പൻമാർ പിന്നിലുണ്ടെന്നും അന്നേ ആക്ഷേപം ഉയർന്നിരുന്നു. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലകളിലായിരുന്നു വായ്പാതട്ടിപ്പ് സംബന്ധിച്ച് പരാതി ഉയർന്നത്.

Advertisement
Advertisement