പത്താം ക്ലാസുകാരന്റെ മരണകാരണം ഓൺലൈൻ ഗെയിമെന്ന് സംശയം

Monday 15 July 2024 1:19 AM IST

നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിന് പിന്നിൽ മൊബൈൽ ഫോൺ ഗെയിം ആണെന്ന സൂചനയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

വടക്കുഞ്ചേരി വീട്ടിൽ ജെയ്‌മിയുടെ മകൻ അഗ്‌നൽ ജെയ്മി (15)യെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറെ സമയം മുറി തുറക്കാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടി തുറന്നപ്പോൾ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുകൈകളും പിന്നിലാക്കി കൂട്ടിക്കെട്ടി വായിൽ സെല്ലോ ടെപ്പും പതിച്ചിരുന്നു. മഴക്കോട്ടും ധരിച്ചിരുന്നു. ഇതാണ് ഓൺലൈൻ ഗെയിം 'ടാസ്കി"ന്റെ ഭാഗമായി തൂങ്ങിയതാകാമെന്ന് സംശയിക്കാൻ കാരണം.

കപ്രശേരി ഐ.എച്ച്.ആർ.ഡി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അഗ്‌നൽ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങും വരെ സന്തോഷവാനായിരുന്നെന്ന് അദ്ധ്യാപകരും സഹപാഠികളും പറഞ്ഞു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുകളിലെ നിലയിലെ മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.

നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞെത്തിയിട്ടും ആഗ്‌നൽ വാതിൽ തുറക്കാത്തതിനാലാണ് ചവിട്ടിത്തുറന്നത്. ഈ സമയവും മൊബൈൽ ഫോണിലെ ഓൺലൈൻ ഗെയിം ഓൺ ആയിരുന്നു. ബംഗളൂരുവിൽ ബി.എസ്‌സി നഴ്‌സിംഗിന് പഠിക്കുന്ന മൂത്ത മകൾ എയ്ഞ്ചലിനെ ഇന്ന് യാത്രയാക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു മാതാവ് ജിനി.

മാതാവിന്റെ ഫോൺ ആണ് കുട്ടി ഉപയോഗിക്കുന്നത്. ഇതിൽ ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് കപ്രശ്ശേരി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

മൊബൈൽ ഫോൺ

പരിശോധിക്കും

അഗ്‌നൽ ജെയ്മി തൂങ്ങി മരിക്കാനിടയായത് മൊബൈൽ ഗെയിം കളിച്ചതിനെ തുടർന്നാണോയെന്ന് പരിശോധിക്കുമെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

Advertisement
Advertisement