അനധികൃത ട്രക്കിംഗ് നടത്തിയ 22 ഓഫ് റോഡ് വാഹനങ്ങൾ മലയിൽ കുടുങ്ങി

Monday 15 July 2024 1:17 AM IST

നെടുങ്കണ്ടം: പുഷ്പക്കണ്ടം നാലുമലയിൽ അനധികൃത ട്രക്കിംഗിനെത്തിയ 22 ഓഫ് റോഡ് വാഹനങ്ങൾ കനത്തമഴയെ തുടർന്നുണ്ടായ ചെളിക്കുണ്ടിൽ കുടുങ്ങി. കർണാടകയിലെയും തമിഴ്നാട്ടിലെയും നാല്പതോളം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനങ്ങളാണ് മലയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഘം നാലുമലയിൽ ട്രക്കിംഗ് നടത്താനെത്തിയത്. മേഖലയിൽ ഉച്ചയോടെ ശക്തമായ മഴ പെയ്തിരുന്നു. തുടർന്ന് കൂട്ടത്തിലെ വാഹനങ്ങളിലൊന്ന് ചെളിയിൽ കുടുങ്ങി. ഇതോടെ നേരത്തെ മലയിൽ പ്രവേശിച്ച വണ്ടികൾക്ക് തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഇവർക്ക് വാഹനം ചെളിക്കുണ്ടിൽ നിന്ന് പുറത്തെടുക്കാനായില്ല. തുടർന്ന് പ്രദേശത്തെ ജീപ്പ് ഡ്രൈവർമാരുടെ സഹായത്തോടെ വിനോദസഞ്ചാരികൾ സമീപത്തെ ഹോസ്റ്റേകളിൽ താമസിച്ചു. ഇന്നലെ വിവരമറിഞ്ഞ് പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാദേശിക ജീപ്പ് ഡ്രൈവർമാരുൾപ്പെടെയുള്ളവരുടെ സഹായത്താൽ ഉച്ചയ്ക്ക് ശേഷം വാഹനം പുറത്തെടുത്തു. അനധികൃതമായി ട്രക്കിംഗ് നടത്തിയതിന് ഓഫ് റോഡ് വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. നാല് വർഷം മുമ്പാണ് ജില്ലാ കളക്ടർ ഇടുക്കിയിൽ ഓഫ് റോഡ് സവാരി നിരോധിച്ചത്.

Advertisement
Advertisement