രണ്ടു വർഷത്തിനിടെ ജില്ലയിൽ 12.76 കോടിയുടെ സൈബർ തട്ടിപ്പ്

Monday 15 July 2024 1:23 AM IST

തിരുവനന്തപുരം: ജില്ലയിലെ ഗ്രാമപരിധിയിൽ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 12.76കോടി രൂപ. തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിച്ച് 1.32 കോടി രൂപ തിരിച്ചുപിടിക്കാനായി. 6.28 ലക്ഷം രൂപ പരാതിക്കാർക്ക് തിരിച്ചുകൊടുത്തു. വിവിധ കേസുകളിലായി 17 പേരെ അറസ്റ്റ്‌ ചെയ്തു. ആകെ രജിസ്റ്റർ ചെയ്ത 217 സൈബർ കേസുകളിൽ 190 എണ്ണത്തിലാണ് പണം നഷ്ടപ്പെട്ടതെന്ന് റൂറൽ എസ്.പി കിരൺ നാരായണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അരുവിക്കര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 1.28 കോടിയും കടയ്ക്കാവൂർ സ്‌റ്റേഷൻ പരിധിയിൽ 1.06കോടി രൂപയുമാണ് വലിയ തുക നഷ്ടപ്പെട്ട സംഭവങ്ങൾ.കൂടുതൽ പണം മടക്കി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇരുകേസുകളിലും തട്ടിപ്പ് നടത്തിയത്. സമാനമായി 75 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 7,92,09,949 രൂപ നഷ്ടപ്പെട്ടു. വില കൂടിയ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 1,57,03,444 രൂപയാണ് 19 കേസുകളിലായി തട്ടിയെടുത്തത്. ക്രിപ്‌റ്റോ ഇടപാടിന്റെ പേരിൽ തട്ടിപ്പിൽ കുടുങ്ങി ഒരാൾക്ക് 41.67 ലക്ഷം രൂപ നഷ്ടപ്പെട്ടു. മറ്റു പല സൈബർ കേസുകളിലായി 1.79 കോടി രൂപയും നഷ്ടപ്പെട്ടു.

ഐ.പി അഡ്രസിൽ കൃത്രിമം

ഐ.പി അഡ്രസിൽ കൃത്രിമം നടത്തി ടെലിഗ്രാം,വാട്സ് ആപ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകൾ ഓൺലൈനായി കൈാര്യം ചെയ്യുന്നതും വ്യാജ ഐ.പിയിൽ നിന്നാണ്.ഇത്തരത്തിലുള്ള 72 അക്കൗണ്ടുകൾ കണ്ടെത്തി ഇവ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായും എസ്.പി പറഞ്ഞു.

തട്ടിപ്പുകൾ ഇങ്ങനെ
 വരുമാനം ഇരട്ടിപ്പിക്കൽ
വലിയ വരുമാനം ലഭിക്കുമെന്ന വ്യാജ പരസ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കും. ടെലിഗ്രാം,വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇരകളെ ചേർത്ത് ഇൻവെസ്റ്റ്‌മെന്റ് ആപ്പുകളിൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ലാഭവിഹിതം ലഭിച്ചതായി വിശ്വസിപ്പിച്ച് കൂടുതൽ തുക നിക്ഷേപിക്കാനോ ലഭിച്ച തുക പിൻവലിക്കാൻ ഫീസോ ആവശ്യപ്പെട്ട് പണം തട്ടും.

സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കൽ
വലിയ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് കൊറിയർ ചാർജ്ജ്,നികുതി എന്നിങ്ങനെ പണം തട്ടും. കസ്റ്റംസിൽ നിന്നാണെന്നു പറഞ്ഞും പണം കൈക്കലാക്കും.

 തൊഴിൽ തട്ടിപ്പ്
വിദേശത്ത് തൊഴിൽ വാഗ്ദാനംചെയ്ത് വ്യാജ പരസ്യം നൽകും.ബന്ധപ്പെടുന്ന ഇരകളിൽ നിന്ന് വിസ,വർക്ക് പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് വലിയ തുക കൈക്കലാക്കും.

വിളിക്കാം 1930ൽ
സൈബർ തട്ടിപ്പിൽപ്പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ 1930ൽ വിളിച്ച് അറിയിക്കണം.

Advertisement
Advertisement