കുറത്തികാട്ട് ഹൈടെക്ക് ബൈക്ക് മോഷ്ടാവ് പിടിയിൽ

Monday 15 July 2024 1:24 AM IST

കുറത്തികാട്: വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് ആഡംബര ബൈക്കുകൾ കവർച്ചചെയ്ത ഹൈടെക്ക് മോഷ്ടാവ് ഒടുവിൽ പിടിയിലായി. കോട്ടയം കുറിച്ചി ഇത്തിത്താനം വിഷ്ണു ഭവനത്തിൽ നിന്ന് തൃക്കൊടിത്താനം അയർക്കാട്ടുവയൽ ഭാഗത്ത് ആര്യങ്കാല പുതുപ്പറമ്പിൽ വീട്ടിൽ താമസിക്കുന്ന വിഷ്ണുവിനെയാണ് (31) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ,​ ലക്ഷങ്ങൾ വിലവരുന്ന പതിനഞ്ചോളം ബൈക്ക് മോഷണങ്ങൾക്ക് തുമ്പായി. കുറത്തികാട് സി.ഐ ബി. രാജഗോപാൽ, എസ്.ഐ ബിജു. എ.എസ്.ഐമാരായ രാജേഷ്. ആർ.നായർ, രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ മാവേലിക്കര കോടതി റിമാന്റ് ചെയ്തു.

ബൈക്കുമായി ഒറ്റമുങ്ങൽ!

വിൽപ്പനക്കായി സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകുന്ന മുന്തിയ ഇനം ബൈക്കുകൾ വാങ്ങാനെന്ന വ്യാജേനയെത്തി ഓടിച്ചു നോക്കുന്നതിനിടെ കടത്തിക്കൊണ്ടുപോയി രൂപമാറ്റം വരുത്തി പണയപ്പെടുത്തുന്നതാണ് വിഷ്ണുവിന്റെ തട്ടിപ്പ് രീതി. ഓൺലൈൻ വഴി സ്റ്റിക്കറും എക്സ്ട്രാ ഫിറ്റിംഗ്സും വരുത്തി കടത്തിക്കൊണ്ടു പോകുന്ന വാഹനങ്ങളിൽ, ഫിറ്റ് ചെയ്തും ചിലത് ഇളക്കി രൂപ മാറ്റം വരുത്തിയും നമ്പർ ‍മാറ്റിയും കുറഞ്ഞ തുകക്ക് പണയം വയ്ക്കുകയായിരുന്നു പതിവ്. ഇത്തരത്തിൽ കൊല്ലത്തും കരുനാഗപ്പള്ളിയിലും പണയം വച്ച രണ്ട് വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഉമ്പർനാട് സ്വദേശി യദുകൃഷ്ണന്റെ സ്കൂട്ടർ വിൽക്കാനുണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റ് കണ്ട വിഷ്ണു,​ വ്യാജ അക്കൗണ്ട് മുഖേന ബന്ധപ്പെടുകയും വീട്ടിലെത്തി വാഹനവുമായി മുങ്ങുകയായിരുന്നു. യദുവിന്റെ പരാതിയിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലം വടക്കേവിള സ്വദേശി അദ്വൈദ്,​ ചിതറ സ്വദേശി ബിനീഷ്,​ കോട്ടയം പാമ്പാടി സ്വദേശി അനീഷ് എന്നിവരുടെ ബൈക്കുകളും ഇത്തരത്തിൽ കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement