ആംസ്ട്രോങ്ങിന്റെ കൊലപാതകം: പ്രതിയെ ഏറ്റുമുട്ടലിലൂടെ വധിച്ചു

Monday 15 July 2024 2:41 AM IST

ചെന്നൈ: തമിഴ്നാട് ബി.എസ്.പി അദ്ധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു.

കേസിലെ 11 പ്രതികളിൽ ഒരാളായ തിരുവെങ്കടമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ മാധവറാമിന് സമീപത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാൻ ആക്രമണം നടന്ന സ്ഥലത്ത് തിരുവെങ്കടത്തെ എത്തിച്ചപ്പോൾ പൊലീസിന് നേരെ വെടിയുതിർക്കുകയും പൊലീസ് തിരിച്ച് വെടിയുതിർക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് തിരുവെങ്കടം മരിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കേണ്ടി വന്നെന്നാണ് പൊലീസ് വിശദീകരണം.

തിരുവെങ്കടം ദിവസങ്ങളായി ആംസ്‌ട്രോങ്ങിനെ പിന്തുടർന്ന് നിരീക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ചിനാണ് ആംസ്ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പെരമ്പൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ആംസ്ട്രോങ്ങിന്റെ വാഹനം തടഞ്ഞുനിറുത്തി അക്രമികൾ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പാർട്ടിപ്രവർത്തകർക്കും വെട്ടേറ്റു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വലിയ രാഷ്ട്രീയ വാക്പോരിലേക്ക് എത്തിയിരുന്നു. 

രൂക്ഷമായി പ്രതികരിച്ച ബി.എസ്.പി. അദ്ധ്യക്ഷ മായാവതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടണമെന്നും സ്റ്റാലിൻ സർക്കാർ ഒന്നും ചെയ്യില്ലെന്നും ആരോപിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ഒരു ദേശീയപാർട്ടിയുടെ പ്രധാനനേതാവ് ഇത്തരത്തിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചിരുന്നു. ഡി.എം.കെ. സർക്കാരിന്റെ വീഴ്ചയാണിതെന്നും പറഞ്ഞു.

തുടരുന്ന ഏറ്റുമുട്ടൽ കൊല

തമിഴ്നാട്ടിൽ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്. കഴിഞ്ഞ ദിവസം പുതുക്കോട്ടയിൽ ഗുണ്ടാ നേതാവ് ദുരൈയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വനമേഖലയിൽ ഗുണ്ടകൾ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.തുടർന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളിൽ പ്രതിയായിരുന്നു ദുരൈ. അടുത്തിടെ തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലകൾ കൂടുന്നതിൽ ഹൈക്കോടതി അമർഷം രേഖപ്പെടുത്തിയിരുന്നു.

Advertisement
Advertisement