എക്‌സിൽ മോദി ദശകോടിപതി

Monday 15 July 2024 12:09 AM IST

ലോകത്ത് ഏഴാമൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് ഫോളോവേഴ്സ് നൂറ് ദശലക്ഷം (പത്ത് കോടി ) കടന്നു. അധികാരത്തിലുള്ള രാഷ്‌ട്ര നേതാക്കളിൽ മോദിയാണ് എക്സിൽ ഒന്നാമൻ. ലോകനേതാക്കളിൽ 131.7 ദശലക്ഷം (13.17 കോടി ) ഫോളോവേഴ്‌സുള്ള മുൻ യു. എസ് പ്രസിഡന്റ് ബറാക് ഒബാമ മാത്രമാണ് മുന്നിലുള്ളത്. ലോകത്ത് ഏഴാമനാണ് മോദി. മൂന്നു വർഷത്തിലാണ് മോദിക്ക് മൂന്ന് കോടിയിലേറെ ഫോളോവേഴ്സ് കൂടിയത്.

മോദിയുടെ യു ട്യൂബ് അക്കൗണ്ട് 24.9 ദശലക്ഷം പേർ സബ്സ്ക്രൈബ് ചെയ്‌തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 91.2 ദശലക്ഷം ഫോളോവേഴ്സുണ്ട്. ലോകനേതാക്കളിൽ ബൈഡൻ നാലാം സ്ഥാനത്താണ് - 38.1 ദശലക്ഷം

സന്തോഷം : മോദി

പത്ത് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു. ഊർജ്ജസ്വലമായ മാദ്ധ്യമത്തിലെ ചർച്ചകൾ, സംവാദങ്ങൾ, ക്രിയാത്മക വിമർശനങ്ങൾ എന്നിവ വിലമതിക്കുന്നു.

മസ്‌കിന് 18. 87കോടി
ലോകത്ത് ഒന്നാമൻ എക്‌സ് ഉടമ ഇലോൺ മസ്‌ക് തന്നെ -188.7 ദശലക്ഷം ഒബാമ, ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ, ഗായികയും നടിയുമായ റിഹാന്ന, ഗായിക കേറ്റി പെറി എന്നിവർക്കു ശേഷം മോദിയാണ്. ഗായിക ടെയ്‌ലർ സ്വിഫ്റ്റ് (8) ഡൊണാൾഡ് ട്രംപ് (9) ഗായിക ലേഡി ഗാഗ (10).


രാഹുൽ ബഹുദൂരം പിന്നിൽ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എക്‌സിൽ 26.4ദശലക്ഷം ( 2.64കോടി) ഫോളോവേഴ്സാണുള്ളത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 27.5ദശലക്ഷവും, സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന് 19.9ദശലക്ഷവും.

Advertisement
Advertisement